മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍; ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി
ഡെറാഡൂണ്‍: മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലാക്കി. ഇതിനായി'ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷന്‍ അതോറിറ്റി' (USMEA) നിലവില്‍ വന്നു. ഇന്നലെ മുതല്‍ (ബുധനാഴ്ച) പുതിയ സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പുതിയ അതോറിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യയില്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ് എന്ന് 'ദി ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 2016-ലെ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമവും, 2019-ലെ ഉത്തരാഖണ്ഡ് നോണ്‍-ഗവണ്‍മെന്റ് അറബിക് ആന്റ് പേര്‍ഷ്യന്‍ മദ്രസ അംഗീകാര ചട്ടങ്ങളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
പുതിയ നിയമപ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധ മതവിഭാഗങ്ങള്‍ നടത്തുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇനി ഈ അതോറിറ്റിയാണ് നിയന്ത്രിക്കുക. ഏതെങ്കിലും ഒരു സമൂഹത്തിന്റെയോ പാരമ്പര്യത്തിന്റെയോ ഐഡന്റിറ്റിയെ ബാധിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പാക്കുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ അവരുടെ സാംസ്‌കാരിക വേരുകളുമായി ബന്ധം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ശാസ്ത്രം, ഗണിതം, കമ്പ്യൂട്ടര്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ആധുനിക വിദ്യാഭ്യാസം എന്നിവയില്‍ വൈദഗ്ധ്യമുള്ളവരായി മാറുന്നു എന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് 'ദി ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഗൈര്‍സൈനില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ഉത്തരാഖണ്ഡ് മൈനോറിറ്റി എജ്യുക്കേഷന്‍ ആക്ട്, 2025-ന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം രൂപീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് മുന്‍പ് മുസ്‌ലിം സമുദായത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പദവി, ഇനി മുതല്‍ സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി എന്നീ ആറ് വിഭാഗങ്ങള്‍ക്കും ലഭ്യമാകും.
പുതിയ സംവിധാനത്തില്‍ എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ഘട്ടങ്ങളായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡിന്റെ അഫിലിയേഷനും ഒപ്പം പുതിയ അതോറിറ്റിയുടെ അംഗീകാരവും സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
the uttarakhand government has dissolved the state madrasa board and announced that all madrasas will now function under a single regulatory authority, according to chief minister pushkar singh dhami.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."