2026 ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും; 'ഇത് അവസാന നൃത്തം' എന്ന് സഹോദരി
ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 2026 ലോകകപ്പോടെ റൊണാൾഡോ പോർച്ചുഗൽ ദേശീയ കുപ്പായം അഴിച്ചുവെക്കുമെന്ന സൂചന നൽകിയത് അദ്ദേഹത്തിന്റെ സഹോദരി കാറ്റിയ അവെറോയാണ്. പോർച്ചുഗീസ് മാധ്യമമായ 'സ്പോർട്ട് ടിവി'യോട് സംസാരിക്കവേ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും റൊണാൾഡോയുടെ 'അവസാന നൃത്തം' ആസ്വദിക്കാൻ ആരാധകർ തയ്യാറെടുക്കണമെന്നും അവർ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇതിഹാസ കരിയറിനാണ് ഇതോടെ അന്താരാഷ്ട്ര തലത്തിൽ തിരശ്ശീല വീഴാൻ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു കൗമാരക്കാരനായി പിച്ചിലെത്തിയതു മുതൽ ലോകത്തെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മാറിയതു വരെയുള്ള സിആർ7-ന്റെ യാത്ര സമാനതകളില്ലാത്തതാണ്.
"എനിക്ക് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് അദ്ദേഹത്തിന്റെ അവസാനത്തെ നൃത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് നമുക്കിത് പരമാവധി ആസ്വദിക്കാം. അവർ ഇന്ന് തന്നെ വിടപറയില്ലായിരിക്കാം, പക്ഷേ അത് ഉടൻ സംഭവിക്കും. ഇത് ഒരു വിടവാങ്ങൽ തന്നെയാണെന്ന് ഞാൻ ശക്തമായി കരുതുന്നു."കാറ്റിയ അവെറോ (റൊണാൾഡോയുടെ സഹോദരി) പറഞ്ഞു.
ദേശീയ ടീമിനായി നൂറിലധികം ഗോളുകൾ നേടിയ ഒരു താരത്തിന് പകരക്കാരനെ കണ്ടെത്തുക പോർച്ചുഗലിന് അസാധ്യമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വിമർശകർക്കുള്ള മറുപടിയായി, കഴിഞ്ഞ 20 വർഷത്തിലേറെയായി ഫുട്ബോൾ ലോകം ഭരിക്കുന്ന റൊണാൾഡോയെ യഥാർത്ഥ ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും വെറുക്കാനാകില്ലെന്നും അവർ പറഞ്ഞു.
റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഇതിഹാസം
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ 41 വയസ്സും 147 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പ് നോക്കൗട്ടിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. കൂടാതെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുകയും സ്കോർ ചെയ്യുകയും ചെയ്യുന്ന ആദ്യ പുരുഷ താരം എന്ന ചരിത്ര നേട്ടവും ലയണൽ മെസ്സിക്കൊപ്പം റൊണാൾഡോ പങ്കിടുന്നു.
തന്റെ ക്യാപ്റ്റൻസിയിൽ പോർച്ചുഗലിന് 2016-ൽ യൂറോ കപ്പും, 2018-19, 2024-25 സീസണുകളിൽ യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം നേടിക്കൊടുത്തു. 2022 ലോകകപ്പിൽ മൊറോക്കോയോട് തോറ്റ് കണ്ണീരോടെ കളംവിട്ട റൊണാൾഡോയ്ക്ക് തന്റെ കരിയറിൽ ഇതുവരെ സ്വന്തമാക്കാനാകാത്ത ഏക കിരീടമായ ലോകകപ്പ് നേടി അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചാലും റൊണാൾഡോ ക്ലബ്ബ് തലത്തിൽ കളി തുടരുമെന്നാണ് റിപ്പോർട്ടുകൾ. സഊദി അറേബ്യൻ ക്ലബ്ബായ അൽ-നാസറുമായി 2027 വരെ അദ്ദേഹത്തിന് കരാറുണ്ട്. തന്റെ കരിയറിലെ സ്വപ്ന നേട്ടമായ 1000 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടുക എന്ന ലക്ഷ്യത്തോടെയാകും റൊണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ തുടരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."