ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ഒ.ടി.ടി സിനിമകളുടെയും വെബ് സീരീസുകളുടെയും വ്യാപകമായ പൈറസി തടയുന്നതില്‍ വീഴ്ചയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി. വിവിധ ഒ.ടി.ടി കമ്പനികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൈറസി തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പങ്കുവെച്ചതായി കണ്ടെത്തിയ 3,142 ടെലഗ്രാം ചാനലുകള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഇതുവരെ ഓരോ ലിങ്കുകളും പ്രത്യേകം കണ്ടെത്തി നീക്കം ചെയ്യുന്നതിലായിരുന്നു പ്രധാന ശ്രദ്ധ. എന്നാല്‍ ഇനി മുതല്‍ പൈറസി തടയുന്നതില്‍ പ്ലാറ്റ്‌ഫോമിനുതന്നെ കൂടുതല്‍ ഉത്തരവാദിത്തം വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പൈറസി തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വിശദീകരിച്ചുള്ള മറുപടി നല്‍കാനാണ് ടെലഗ്രാമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒ.ടി.ടി റിലീസായ സിനിമകളും വെബ് സീരീസുകളും ഉള്‍പ്പെടെയുള്ള പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ വ്യാപകമായി ടെലഗ്രാമിലൂടെ അനധികൃതമായി പ്രചരിക്കുന്നതായും ഇത് രാജ്യത്തെ വിനോദ വ്യവസായത്തിന്റെ വരുമാനത്തെ ഗണ്യമായി ബാധിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.
The Central Government has issued a notice to messaging platform Telegram over complaints of widespread piracy of OTT movies and web series. The action was taken based on complaints received from various OTT companies. Telegram has been asked to submit an explanation within 15 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."