ഗസ്സയിലെ കണ്ണീരിനും മാനുഷിക പരിഗണനകൾക്കും വിലകൽപ്പിക്കാതെ ഇസ്റാഈൽ; ഹമാസ് പൂർണ്ണമായി കീഴടങ്ങാതെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന് നെതന്യാഹു
തെൽ അവീവ്: അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥനകളെയും മാനുഷിക പരിഗണനകളെയും പൂർണ്ണമായി തള്ളിക്കൊണ്ട് ഗസ്സ വിഷയത്തിൽ വീണ്ടും കടുത്ത നിലപാടുമായി ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസ് പൂർണ്ണമായും ആയുധങ്ങൾ വച്ച് കീഴടങ്ങുകയും നിരായുധീകരിക്കപ്പെടുകയും ചെയ്യുന്നതുവരെ തകർന്നടിഞ്ഞ ഗസ്സയുടെ പുനർനിർമ്മാണം അനുവദിക്കില്ലെന്നാണ് നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. യുദ്ധത്തിൽ സർവ്വതും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഇസ്റാഈലിന്റെ ഈ കടുംപിടുത്തം.
സമാധാനക്കരാറുകളെ വെല്ലുവിളിച്ച് ലെബനൻ ആക്രമണം
ലെബനനിൽ ഇസ്റാഈൽ നടത്തുന്ന കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും നെതന്യാഹു പുച്ഛിച്ചു തള്ളി. ലെബനനിലെ അധിനിവേശം അവസാനിപ്പിക്കാൻ യു.എസും ഇറാനും തമ്മിൽ ഇടക്കാല കരാറിലെത്തിയിട്ടും, തങ്ങൾ ആരുടെയും വാക്കുകൾ കേൾക്കാൻ ബാധ്യസ്ഥരല്ലെന്ന ധിക്കാരപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
"ഞങ്ങൾ ഞങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്കും പരിഗണനകൾക്കും അനുസൃതമായി മാത്രമേ പ്രവർത്തിക്കൂ," എന്നായിരുന്നു ലെബനൻ വിഷയത്തിൽ നെതന്യാഹുവിന്റെ പ്രതികരണം. സമാധാന ശ്രമങ്ങളെ പാടേ അട്ടിമറിക്കുന്നതാണ് ഇസ്റാഈലിന്റെ ഈ ഏകപക്ഷീയമായ നീക്കമെന്ന് ആഗോള തലത്തിൽ വിമർശനമുയർന്നിട്ടുണ്ട്.
അതേസമയം, യു.എസ് സ്വാതന്ത്ര്യദിനത്തിന്റെ 250-ാം വാർഷിക വേളയിൽ അമേരിക്കയെ അതിരറ്റ് പുകഴ്ത്തിക്കൊണ്ട് നെതന്യാഹു രംഗത്തെത്തി. ഇസ്റാഈലിന്റെ ക്രൂരതകൾക്ക് ആയുധവും പണവും നൽകി പിന്തുണയ്ക്കുന്ന യു.എസിനെ "ആധുനിക ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യ ശക്തി" എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. സ്വന്തം രാജ്യത്ത് ഫലസ്തീനികളുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്ന ഭരണാധികാരിയാണ് സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് എന്നത് ഇതിലെ വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
"സ്വാതന്ത്ര്യം ഒരിക്കലും വിലകുറഞ്ഞതല്ല, അത് നിരന്തരം സംരക്ഷിക്കപ്പെടണം. അമേരിക്കയും ഇസ്റാഈലും ഒരുമിച്ച് നിൽക്കുമ്പോൾ സ്വാതന്ത്ര്യം കൂടുതൽ ശക്തമാകും," എന്നും നെതന്യാഹു വീഡിയോ സന്ദേശത്തിൽ അവകാശപ്പെട്ടു.
തങ്ങൾക്കെതിരെ നിൽക്കുന്നവരെ നെതന്യാഹു 'സ്വേച്ഛാധിപതികൾ' എന്ന് മുദ്രകുത്തുകയും അവർ 'അമേരിക്കയ്ക്ക് മരണം, ഇസ്റാഈലിന് മരണം' എന്ന് ആക്രോശിക്കുന്നവരാണെന്നും ആരോപിച്ചു. തങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിക്കാനാണ് ഇസ്റാഈൽ പ്രധാനമന്ത്രി ഈ സന്ദേശത്തിലൂടെ ശ്രമിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കൻ സൈനിക സഹായത്തോടെ ഗസ്സയിൽ വംശഹത്യ തുടരുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ഈ യു.എസ് പ്രീണനം.
israeli prime minister benjamin netanyahu has firmly stated that there will be no compromises on the reconstruction of gaza until hamas lays down its weapons and surrenders completely. he emphasized that the demilitarization of the region is a non-negotiable condition before any major rebuilding efforts can begin.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."