യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി
തൃശൂർ: പൊതുജനങ്ങൾക്ക് സമയബന്ധിതമായ യാത്രയൊരുക്കേണ്ട കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥ. തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയത് യാത്രക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറാണ് ചിയ്യാരത്ത് വെച്ച് ബസ് നിർത്തിയിട്ടത്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത്, യാത്രക്കാരുമായി പോവുകയായിരുന്ന ബസ് പെട്ടെന്ന് നിർത്തി ഡ്രൈവർ പുറത്തേക്കിറങ്ങുകയായിരുന്നു. തുടർന്ന് വഴിയരികിലെ കടയിൽ നിന്നും മുറുക്കാൻ വാങ്ങിയ ശേഷമാണ് ഇയാൾ യാത്ര തുടർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നയാൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് കെഎസ്ആർടിസി ഡ്രൈവറുടെ ഈ 'മുറുക്കാൻ ഷോ' പുറംലോകമറിഞ്ഞത്.
ദീർഘദൂര സർവീസുകൾ സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ഡ്രൈവർമാർ സ്വന്തം താല്പര്യങ്ങൾക്കായി വണ്ടി നിർത്തിയിടുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നാണ് പരക്കെയുള്ള ആക്ഷേപം.
ഡ്രൈവർമാരുടെ ഈ അനാസ്ഥയ്ക്ക് പുറമെ കെഎസ്ആർടിസി ജീവനക്കാരുടെ പരസ്യമായ ധാർഷ്ട്യവും വീണ്ടും ചർച്ചയാവുകയാണ്. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസ് സമയം ചോദിച്ചെത്തിയ യാത്രക്കാരോട് അങ്ങേയറ്റം മോശമായി പെരുമാറിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
കൺട്രോളിങ് ഇൻസ്‌പെക്ടർ അബ്ദുൽ ഫൈസി, സ്റ്റേഷൻ മാസ്റ്റർമാരായ അനിൽകുമാർ, മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് അന്വേഷണം. ബസ് എപ്പോൾ വരുമെന്ന് ആവർത്തിച്ച് ചോദിച്ച യാത്രക്കാരോട് "ബസ് വരുമ്പോൾ അറിയാൻ പറ്റും" എന്ന രീതിയിൽ തട്ടിക്കയറുകയായിരുന്നു ഇവർ. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന കർശന നിർദേശങ്ങൾ നിലനിൽക്കെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകുന്നത്.
കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ കെഎസ്ആർടിസിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്പിക്കുന്നുണ്ട്.
In a bizarre incident in Thrissur, a Kerala State Road Transport Corporation (KSRTC) Superfast bus driver sparked outrage and amusement online after abruptly halting the vehicle mid-route.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."