ഇതാ പിടിച്ചോ ഉത്തരം...! ചോദ്യപേപ്പറിൽ തന്നെ ഉത്തരവും നൽകി 'മാതൃക'യായി കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസം നടന്ന ബി.എസ്.സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യത്തോടൊപ്പം ഉത്തരവും അച്ചടിച്ചു വന്നു. ചോദ്യപേപ്പറിലെ അഞ്ചാം ചോദ്യത്തിനൊപ്പമാണ് ഉത്തരവും രേഖപ്പെടുത്തിയിരുന്നത്. പരീക്ഷയ്ക്കിടെ വിദ്യാർഥികൾ തന്നെയാണ് ഇത് കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവം വലിയ വിവാദമായതോടെ പരീക്ഷാ കൺട്രോളർ ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
പുതിയ അധ്യയന വർഷത്തിൽ കോളജുകൾ തുറന്നതിന് പിന്നാലെയാണ് ബി.എസ്.സി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ആരംഭിച്ചത്. ഇത്തരമൊരു ഗുരുതരമായ ക്രമക്കേട് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ കൃത്യമായ ഒരു മറുപടി നൽകാൻ കേരള സർവകലാശാലയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
പരീക്ഷാ കൺട്രോളർ വിശദീകരണം ചോദിച്ചതല്ലാതെ മറ്റ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും സർവകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതിലും അത് പരിശോധിക്കുന്നതിലും കടുത്ത വീഴ്ചയുണ്ടായെന്നാണ് വിദ്യാർഥികളും അധ്യാപകരും ആരോപിക്കുന്നത്. പരീക്ഷ റദ്ദാക്കുമോ അതോ പുനഃപരീക്ഷ നടത്തുമോ എന്ന കാര്യത്തിൽ സർവകലാശാലയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."