തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക
മലപ്പുറം: സംസ്ഥാനത്ത് സ്‌കൂൾ തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി മാത്രം അധികം വന്നതിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൃഷ്ടിച്ചത് 53 അധിക അധ്യാപക തസ്തികകൾ. കോട്ടയം, എറണാകുളം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിലാണ് ഒരു വിദ്യാർഥി അധികം ചേർന്നതോടെ 27 സർക്കാർ സ്‌കൂളുകളിലും 26 എയ്ഡഡ് സ്‌കൂളുകളിലുമായി 53 അധിക തസ്തികകൾ സൃഷ്ടിച്ചത്.
കാസർകോട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ തസ്തികകൾ സൃഷ്ടിച്ചത്. കാസർക്കോട്ട് 13 തസ്തികകളാണ് വന്നത്. ഇതിൽ 12 എണ്ണവും സർക്കാർ സ്‌കൂളുകളിലാണ്. ആലപ്പുഴ ജില്ലയിൽ 9 അധ്യാപക തസ്തികകളിൽ അഞ്ചെണ്ണം സർക്കാർ മേഖലയിലും നാലെണ്ണം എയ്ഡഡ് മേഖലയിലുമാണ്. തിരുവനന്തപുരത്ത് ആറ് സ്‌കൂളുകളിലാണ് അധിക തസ്തികയുണ്ടായത്. ഇതിൽ ഒരെണ്ണം സർക്കാർ സ്‌കൂളാണ്. ശേഷിക്കുന്ന നാലെണ്ണവും എയ്ഡഡ് മേഖലയിലാണ്. കോഴിക്കോട്ട് അഞ്ച് സ്‌കൂളുകളും എയ്ഡഡ് മേഖലയിലാണ്. മലപ്പുറത്ത് നാല് സ്‌കൂളിൽ മൂന്നെണ്ണം സർക്കാർ സ്‌കൂളും ഒരു എയ്ഡഡ് സ്‌കൂളുമാണ്.
തൃശൂർ, കണ്ണൂർ ജില്ലകളിൽ നാല് സ്‌കൂളുകളിലാണ് അധിക അധ്യാപക തസ്തികൾ സൃഷ്ടിച്ചത്. കൊല്ലം, ഇടുക്കി മൂന്ന്, പത്തനംതിട്ട, വയനാട് ഒരോ തസ്തികകളുമാണ് ഒരു വിദ്യാർഥി അധികമായപ്പോൾ അനുവദിച്ചത്.ഒന്നുമുതൽ അഞ്ച് വരെ ക്ലാസിൽ 30 കുട്ടികളിൽ അധികമുണ്ടായൽ ഒരു അധിക അധ്യാപക തസ്തിക സൃഷ്ടിക്കാനാകും. ആറ് മുതൽ 8 വരെ ക്ലാസുകളിൽ 35 കുട്ടികളിലധികവും 9,10 ക്ലാസുകളിൽ 45 കുട്ടികളിൽ കൂടുതലുമുണ്ടായൽ പുതിയ ഡിവിഷൻ കണക്കാക്കി അധ്യാപക തസ്തികകൾ സൃഷ്ടിക്കാനാകും.
ഒഴിഞ്ഞു കിടക്കുന്നത് 4,224 തസ്തികകൾ
മലപ്പുറം: സംസ്ഥാനത്ത് എൽ.പി മുതൽ ഹയർസെക്കൻഡറി വരെ സ്‌കൂളുകളിൽ സ്ഥിരനിയമനം കാത്ത് 4,224 അധ്യാപക തസ്തികകൾ. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 2,734 അധ്യാപക തസ്തികകളും ഹയർ സെക്കൻഡറിയിൽ എച്ച്.എസ്.എസ്.ടി തസ്തികയിൽ 225, എച്ച്.എസ്.ടി(ജൂനിയർ)തസ്തികയിൽ 713 ഒഴിവുകളുമുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്ന വൊക്കേഷണൽ ടീച്ചർ തസ്തികയിൽ 378 ഒഴിവുകളും വൊക്കേഷനൽ ഇൻസ്‌ട്രക്ടർ തസ്തികയിൽ 156 ഒഴിവുകളുമുണ്ട്. കൂടുതൽ ഒഴിവുകളുള്ളത് മലപ്പുറത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."