വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്
ദുബൈ: ഓൺലൈൻ വഴി ഉപഭോക്തൃ പരാതികൾ സമർപ്പിക്കാൻ ശ്രമിക്കുന്ന താമസക്കാരെ ലക്ഷ്യമിട്ട് പുതിയ തരം സൈബർ തട്ടിപ്പ് സജീവമാകുന്നതായി ദുബൈ പൊലിസ്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ച് ബാങ്കിംഗ് വിവരങ്ങൾ മോഷ്ടിക്കുകയും അക്കൗണ്ടിലെ പണം കവരുകയുമാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്.
ദുബൈ പൊലിസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് ഈ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് വ്യക്തമാക്കിയത്.
ഉപഭോക്താക്കൾ ഗൂഗിളിൽ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ തിരയുമ്പോൾ, യഥാർത്ഥ സൈറ്റുകൾക്ക് പകരം തട്ടിപ്പുകാരുടെ വ്യാജ വെബ്‌സൈറ്റുകളിലാണ് പലപ്പോഴും ചെന്നെത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളിൽ പരാതിക്കാരന്റെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, പരാതിയുടെ വിശദാംശങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ഉപഭോക്താക്കൾ ഇത് വിശ്വസിച്ച് നൽകുകയും ചെയ്യുന്നു.
വ്യാജ വെബ്‌സൈറ്റിൽ വിവരങ്ങൾ സബ്‌മിറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ തട്ടിപ്പുകാരുടെ അടുത്ത നീക്കം ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരൻ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടുന്നു. വെബ്‌സൈറ്റിൽ ഇര നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് വിളിക്കുന്നത് കൊണ്ടും ഔദ്യോഗിക ഉദ്യോഗസ്ഥരുടെ രീതിയിൽ സംസാരിക്കുന്നത് കൊണ്ടും ഇത് ഒഫീഷ്യൽ കോൾ തന്നെയാണെന്ന് ഇരകൾ പൂർണ്ണമായും വിശ്വസിക്കാൻ ഇടയാകുന്നു.
വിശ്വാസ്യത നേടിയെടുത്ത ശേഷം പരാതി എത്രയും വേഗം പരിഹരിക്കാമെന്ന് വ്യാജേന AnyDesk അല്ലെങ്കിൽ TeamViewer പോലുള്ള റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയറുകൾ ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്റ്റാൾ ചെയ്യാൻ ഇവർ ആവശ്യപ്പെടുന്നു. ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഇരയോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്ക്രീൻ ഷെയറിംഗിലൂടെ ഇരയുടെ ഫോണിലെ ദൃശ്യങ്ങൾ മുഴുവൻ തത്സമയം കാണുന്ന തട്ടിപ്പുകാർ, പാസ്‌വേഡും ഒടിപിയും ഉൾപ്പെടെയുള്ള രഹസ്യ ബാങ്കിംഗ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലെ പണം മുഴുവൻ കവരുകയും അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.
ദുബൈ പൊലിസിന്റെ നിർദ്ദേശങ്ങൾ
ഇത്തരം സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ താമസക്കാർ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
- പരാതികൾ സമർപ്പിക്കാൻ ഔദ്യോഗികവും വെരിഫൈഡ് ആയതുമായ ഉപഭോക്തൃ സംരക്ഷണ മാർഗങ്ങൾ മാത്രം ഉപയോഗിക്കുക.
- ഫോൺ കോളുകളിലൂടെയോ മെസ്സേജുകളിലൂടെയോ ആവശ്യപ്പെടുന്നതനുസരിച്ച് അജ്ഞാത സോഫ്റ്റ്‌വെയറുകളോ ലിങ്കുകളോ ഡൗൺലോഡ് ചെയ്യരുത്.
- നിങ്ങളുടെ ബാങ്ക് പാസ്‌വേഡ്, ഒടിപി (OTP), ക്രെഡൻഷ്യലുകൾ എന്നിവ ഉപഭോക്തൃ പ്രതിനിധിയെന്നല്ല, ആര് അവകാശപ്പെട്ടാലും ഒരിക്കലും പങ്കുവെക്കരുത്.
സമാനമായ രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങളോ സംശയകരമായ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽ പെട്ടാൽ താമസക്കാർ അടിയന്തരമായി ദുബൈ പൊലിസിന്റെ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ വിവരങ്ങൾ അറിയിക്കാം.
Dubai Police have warned residents about fake consumer protection websites designed to steal banking information, urging the public to verify official platforms and avoid phishing scams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."