സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷന്‍ മതിയാകും
ന്യൂഡല്‍ഹി: വാഹനം മറ്റൊരു സംസ്ഥാനത്ത് പുനഃരജിസ്‌ട്രേഷന്‍ ഇല്ലാതെ ഒാടിക്കാവുന്ന കാലയളവ് ഒരുവര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷമായി നീട്ടാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിര്‍ദേശം.
നിലവില്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരുവര്‍ഷത്തിലധികം തുടരുകയാണെങ്കില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതാണ് മൂന്നുവര്‍ഷമായി നീട്ടിയത്. സ്ഥലംമാറ്റം പതിവായ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്കും കരാര്‍ നിയമനത്തിലുള്ളവര്‍ക്കും ആശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
ജീവിതം കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ തയാറാക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ കരടിലാണ് ഈ നിര്‍ദേശമുള്ളത്. രണ്ടോ മൂന്നോ വര്‍ഷത്തെ നിയമനത്തിനോ സ്ഥലംമാറ്റത്തിനോ ശേഷം സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്നവര്‍ക്ക് വീണ്ടും രജിസ്‌ട്രേഷനും പിന്നീട് അത് റദ്ദാക്കുന്നതും വലിയ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
ഈ മാറ്റം പുനഃരജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഭാരത് (ബി.എസ്) സീരീസ് രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കൂടുതല്‍ കരുത്തേകും. അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ റോഡ് നികുതിയിലെ വലിയ വ്യത്യാസം പരിഹരിക്കാതെ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരമാകില്ലെന്ന അഭിപ്രായവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."