മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി
മേപ്പാടി (വയനാട്): മൂന്ന് ദിവസമായി ഇടവിട്ട് ശക്തമായ മഴയുണ്ട്. പക്ഷെ മാറിത്താമസിക്കാനൊന്നും ആരും പറഞ്ഞിട്ടില്ല. മണ്ണിടിച്ചിലിന് ശേഷമാണ് മാറാൻ പറഞ്ഞതും ചുളിക്ക സ്‌കൂളിലേക്ക് വന്നതും, മീനാക്ഷി വിലാസ് എസ്റ്റേറ്റ് തൊഴിലാളിയായ സുരേഷ് പറഞ്ഞു.
തുരങ്ക പാത ആരംഭിക്കുന്ന മീനാക്ഷിയിലെ പദ്ധതി പ്രദേശത്തിന് മുകൾ ഭാഗത്തും പരിസരങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന 314 ഏക്കറുള്ള എസ്റ്റേറ്റിൽ 210 ഓളം തൊഴിലാളികളാണുള്ളത്. മൂന്നു ഡിവിഷനുകളിലായി ലയങ്ങളിലാണ് കുടുംബങ്ങൾ കഴിയുന്നത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് ഏറ്റവും അടുത്തുള്ള ഒന്നാം ഡിവിഷനിലെ ലയങ്ങളിൽ കഴിഞ്ഞിരുന്ന 30 കുടുംബങ്ങളെയാണ് മണ്ണിടിച്ചിലിന് പിന്നാലെ ആദ്യം ചുളിക്ക ഗവ.സ്‌കൂളിലേക്ക് മാറ്റിയത്.
വൈകിട്ടോടെ മറ്റു ഡിവിഷനുകളിൽ താമസിച്ചിരുന്ന കുടംബങ്ങളെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. എന്നാൽ മീനാക്ഷി പ്രദേശത്തിനപ്പുറം കള്ളാടി, പുത്തുമല, ഏലവയൽ, നീലിക്കാപ്പ്, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
2024ൽ 298 പേരുടെ ജീവനെടുത്ത ഉരുൾ ദുരന്തത്തിന്റെ അനുഭവമുണ്ടായിട്ടും കൃത്യമായ മഴ മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ചയാണ് വീണ്ടും മണ്ണിടിച്ചിലിൽ ജീവനുകൾ നഷ്ടമാകാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച യെല്ലോ അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്നത്. മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് ജാഗ്രതാ നിർദേശം നൽകിയത്.
മുണ്ടക്കൈ ദുരന്തത്തിന് ശേഷം പ്രാദേശികമായി മഴമാപിനികൾ സ്ഥാപിച്ച് മഴയളവ് ശേഖരിച്ച് മുന്നറിയിപ്പ് സംവിധാനം കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് ഈ ദുരന്തവും തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."