പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിയന്തരമായി കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില (ക്രൂഡ് ഓയിൽ) കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ, പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്ര സർക്കാർ അവസരമൊരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ നിലവിൽ ലിറ്ററിന് 102 രൂപയുള്ള പെട്രോൾ വില 82 രൂപയായി കുറയ്ക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. പെട്രോളിനൊപ്പം ഡീസൽ വിലയിലും സമാനമായ കുറവ് വരുത്തണം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ആ കൊള്ളലാഭം എങ്ങോട്ട് പോയി?'
2014 മുതൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില നിരവധി തവണ കുറഞ്ഞിട്ടുണ്ടെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. "2014-നും 2026-നുമിടയിൽ ആറ് തവണയെങ്കിലും ആഗോളതലത്തിൽ എണ്ണവില വലിയ തോതിൽ ഇടിഞ്ഞു. എന്നാൽ ഇന്ത്യയിൽ അതിനനുസരിച്ച് വില കുറയ്ക്കാൻ കേന്ദ്രം തയ്യാറായില്ല. ഈ വർഷങ്ങളിലുടനീളം എണ്ണക്കമ്പനികൾ കൊയ്ത വൻ ലാഭം എങ്ങോട്ടാണ് പോയത്?" കെജ്രിവാൾ ചോദിച്ചു. ഇന്ധനവില കുറയ്ക്കുന്നത് രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിക്കുമെന്നും സാധാരണക്കാർക്കും വ്യാപാരികൾക്കും ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് സമ്മേളനത്തിന് മുൻപ് വില കുറഞ്ഞേക്കും?
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിൽ ഉയർന്നപ്പോഴാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. എന്നാൽ നിലവിൽ യുദ്ധസമാന സാഹചര്യങ്ങൾ മാറി, ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ, രാജ്യത്ത് ഉടൻ ഇന്ധനവില കുറച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
വരുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി, ജൂലൈ 20-നകം വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ആഗോള വിപണിയിൽ വില ഉയർന്ന സമയത്ത് വലിയ തോതിൽ വില വർധിപ്പിക്കാതെ നഷ്ടം സഹിച്ചതാണ് ഇപ്പോൾ വില കുറയ്ക്കാത്തതിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ കുറഞ്ഞ നിരക്ക് അടുത്ത 10 ദിവസം കൂടി തുടർന്നാൽ മുൻപുണ്ടായ നഷ്ടം പൂർണ്ണമായി നികത്താനാകുമെന്നാണ് എണ്ണക്കമ്പനികളുടെ കണക്കുകൂട്ടൽ. ഇതിന് ശേഷം ജനങ്ങൾക്ക് ആശ്വാസകരമായ പ്രഖ്യാപനമുണ്ടായേക്കും.
Arvind Kejriwal criticized the central government, accusing it of allowing oil companies to make excessive profits at the expense of the public. He demanded that petrol prices be reduced to ₹82 per litre to provide immediate relief to consumers. aravind kejrival petrol
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."