ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു
ഗാസിയാബാദ്: കനത്ത മഴ തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു. കനത്ത മഴയില്‍ തകര്‍ന്ന അടല്‍ ചൗക്കിലെ വസുന്ധര റോഡിലാണ് അപകടമുണ്ടായത്.
റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപത്തായിരുന്നു കാറും സ്‌കൂട്ടറും പാര്‍ക്ക് ചെയ്തിരുന്നത്. ഇവിടെ മണ്ണിടിഞ്ഞ് വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.
അതേസമയം, അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. രണ്ട് വാഹനവും ക്രെയിന്‍ ഉപയോഗിച്ച് കയറ്റി. ഹരിയാന രജിസ്ട്രഷന്‍ നമ്പറുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. സ്‌ക്കൂട്ടര്‍ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ സ്ഥലത്ത് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.
ബുധനാഴ്ച രാവിലെ 8:30 നും വ്യാഴാഴ്ച രാവിലെ 8:30 നും ഇടയില്‍ ഗാസിയാബാദിലെ കമല നെഹ്‌റു നഗറില്‍ 164 മില്ലിമീറ്റര്‍ മഴയും ഹിന്‍ഡണില്‍ 134 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. ആഗ്ര, അലിഗഡ്, ബാഗ്പത്, ബുലാനന്ദ്ഷാഹര്‍, ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപൂര്‍, ഹാത്രസ്, മഥുര, മീററ്റ്, മുസാഫാര്‍നഗര്‍, സഹാറന്‍പൂര്‍, ഷാംലി എന്നിവിടങ്ങളില്‍ ഇടിമിന്നലിനും 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ ഡല്‍ഹിയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."