ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു
ബീജിങ്: ചൈനയിലെ പ്രമുഖ വ്യവസായ നഗരമായ ജിൻജിയാംഗിലെ ഹുയിടെങ് ഫുട്വെയർ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 28 പേർ കൊല്ലപ്പെട്ടു. 'ചൈനയുടെ ഷൂ തലസ്ഥാനം' എന്നറിയപ്പെടുന്ന ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാംഗിൽ ഇന്ന് ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ വൻ ദുരന്തം.
ഷൂ നിർമ്മാണ ഫാക്ടറിയിൽ നിന്ന് വൻ തീജ്വാലകളും കറുത്ത പുകയും ഉയർന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. രക്ഷപ്പെടാനായി തൊഴിലാളികൾ ഫാക്ടറി കെട്ടിടത്തിന്റെ മേൽക്കൂരയിൽ കൂട്ടത്തോടെ അഭയം തേടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടവിവരമറിഞ്ഞ് അഞ്ഞൂറോളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരgക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡന്റ് ഷി ജിൻപിങ് അനുശോചിച്ചു
ഫാക്ടറി ദുരന്തത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആഴമായ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അദ്ദേഹം, അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടു. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജിൻജിയാംഗിന്റെ വ്യാവസായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫയർ ഫോഴ്സും പൊലിസും ചേർന്ന് സ്ഥലത്ത് പരിശോധനയും തുടർനടപടികളും സ്വീകരിച്ചു വരികയാണ്.
Massive China factory fire kills 28 workers; investigative teams launch probe into industrial safety violations and workplace hazards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."