ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വൻ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊൽക്കത്ത സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂലിന്റെ കനത്ത പരാജയത്തിന് പിന്നാലെ ഇവർ രാജ്യസഭാംഗത്വവും പാർട്ടി പദവികളും രാജിവെച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു.
സുഖേന്ദു ശേഖർ റേയുടെയും പ്രകാശ് ബരായ്ക്കിന്റെയും രാജ്യസഭാ കാലാവധി 2029 സെപ്റ്റംബർ വരെയും, സുഷ്മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു. കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെയാണ് ഈ മുതിർന്ന നേതാക്കൾ തൃണമൂൽ വിട്ട് ബിജെപി പാളയത്തിലെത്തിയത്. പരിചയസമ്പന്നരായ നേതാക്കളുടെ വരവ് ബംഗാളിൽ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സമിക് ഭട്ടാചാര്യ പ്രതികരിച്ചു. അതേസമയം, താൻ പദവികൾ പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നതെന്നും രാജ്യസഭാ സീറ്റുകളെക്കുറിച്ചുള്ള തീരുമാനം പാർട്ടി ഹൈക്കമാൻഡിന്റേതാണെന്നും സുഷ്മിത ദേവ് വ്യക്തമാക്കി.
നേതാക്കളുടെ രാജിയെത്തുടർന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലായ് 24-ന് നടക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്ന് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായും മാറിമറിഞ്ഞിരുന്നു. 294 അംഗ നിയമസഭയിൽ 208 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത രൂക്ഷമായിരിക്കുകയാണ്.
നിലവിൽ പാർട്ടിയിലെ എം.എൽ.എമാർ മമത ബാനർജി പക്ഷമെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പക്ഷമെന്നും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു കഴിഞ്ഞു. 80 എം.എൽ.എമാരിൽ 65 പേർ ഋതബ്രത പക്ഷത്താണ്. വെറും 15 എം.എൽ.എമാർ മാത്രമാണ് മമത ബാനർജിക്കൊപ്പമുള്ളത്.
ഈ ആഭ്യന്തര ഭിന്നത കാരണം തൃണമൂലിലെ ഇരുവിഭാഗത്തിനും രാജ്യസഭാ സീറ്റിലേക്ക് ഒറ്റയ്ക്ക് ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമില്ല. സാധാരണ ഗതിയിൽ പ്രതിപക്ഷത്തിന് ഒരു സീറ്റ് ലഭിക്കേണ്ട സ്ഥാനത്ത്, തൃണമൂലിലെ ഈ പിളർപ്പ് മൂന്ന് സീറ്റുകളും തൂത്തുവാരാൻ ബിജെപിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. സ്വന്തം നിലയ്ക്കുള്ള 208 എം.എൽ.എമാരുടെ ഭൂരിപക്ഷത്തിൽ മൂന്ന് സ്ഥാനാർഥികളെയും സുഗമമായി വിജയിപ്പിക്കാൻ ബിജെപിക്ക് സാധിക്കും.
In a major political setback for West Bengal Chief Minister Mamata Banerjee, three former Rajya Sabha Members of Parliament (MPs) from the ruling Trinamool Congress (TMC) have officially defected and joined the Bharatiya Janata Party (BJP). This move is seen as a significant blow to the TMC's strength in the state, while boosting the BJP's political presence ahead of upcoming political terms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."