'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പ്രശസ്ത ഡയലോഗ് പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാക്കനാട് രാജഗിരി സ്‌കൂളില്‍ സംഘടിപ്പിച്ച 'തൂഫാന്‍ വാരിയര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ലഹരി വ്യാപനം അതീവ ഗുരുതരമാണെന്നും അത് കുഞ്ഞുങ്ങളുടെ ജീവനും ഭാവിയും തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിക്കുമ്പോള്‍ ഇത്രയും ഭീകരമായ സാഹചര്യമാണെന്ന് കരുതിയിരുന്നില്ലെന്നും ഇപ്പോഴാണ് യഥാര്‍ഥ ചിത്രം പുറത്തുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി മാഫിയയുടെ വേരറുക്കും വരെ സര്‍ക്കാര്‍ പോരാട്ടം തുടരുമെന്നും സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പ്പന കര്‍ശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു. വഴിയില്‍ നിന്ന് ആരെങ്കിലും മിഠായി നല്‍കിയാല്‍ വാങ്ങരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിവേകവും കുടുംബബോധവും നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടാവുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനസൗഹൃദ പൊലിസിനെ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊലിസുകാര്‍ ജനങ്ങളുടെ ചങ്ങാതിമാരെപ്പോലെയാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളെ ഒന്നടങ്കം കുറ്റവാളികളായി കാണരുതെന്നും അവരുടെ സേവനം സംസ്ഥാനത്തിന് പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലയില്‍ മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചതിന് 29 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയതായി മന്ത്രി അറിയിച്ചു. മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഓപ്പറേഷന്‍ തൂഫാന് കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്നതിനായി നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Home Minister Ramesh Chennithala delivered an anti-drug message to students, quoting the famous dialogue "Narcotics is a dirty business" from the Mohanlal movie. The minister was speaking at the 'Toofan Warrior' event organized at Rajagiri School in Kakkanad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."