ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി
ജിദ്ദ: ജറുസലമില്‍ എംബസി തുറക്കാനുള്ള കൊളംബിയയുടെ നീക്കത്തിനെതിരെ ഇസ്‌ലാമിക സഹകരണ സംഘടനയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി പ്രമേയങ്ങളുടെ ലംഘനമാണ് കൊളംബിയയുടെ തീരുമാനമെന്നും ഇത് ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പിന്തുടര്‍ന്നിരുന്ന നിലപാടില്‍ നിന്നുള്ള പിന്മാറ്റമാണെന്നും ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. 57 അംഗ രാജ്യങ്ങളുള്ള ഒഐസിയുമായുള്ള കൊളംബിയയുടെ ബന്ധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ജറുസലമിന്റെ സ്വഭാവത്തിലും നിയമപരമായ പദവിയിലും മാറ്റം വരുത്താനുള്ള ഇസ്രായേല്‍ നടപടികള്‍ അസാധുവാണെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതി പ്രമേയങ്ങള്‍ 476, 478 എന്നിവയുടെ നഗ്‌നമായ ലംഘനമാണ് നീക്കമെന്ന് ഒഐസി ചൂണ്ടിക്കാട്ടി.
1980ല്‍ പാസാക്കിയ ഈ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ജറുസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാതിരിക്കുകയും എംബസികള്‍ ടെല്‍ അവീവില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്. കൊളംബിയ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും രണ്ട് രാഷ്ട്ര പരിഹാരത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും യുഎന്‍ ചാര്‍ട്ടറിലെയും സുരക്ഷാ സമിതി പ്രമേയങ്ങളിലെയും ബാധ്യതകള്‍ പാലിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.
ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാറും കൊളംബിയയുടെ നിയുക്ത വിദേശകാര്യ മന്ത്രിയും വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഒഐസിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാനും അംബാസഡര്‍മാരെ കൈമാറാനും വിസാ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ധാരണയിലെത്തിയിരുന്നു.
നിലവില്‍ അമേരിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, കൊസോവോ, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ഫിജി, സോമാലിലാന്‍ഡ് എന്നിവയാണ് ജറുസലമില്‍ എംബസി തുറന്ന രാജ്യങ്ങള്‍.
കൊളംബിയയില്‍ വലതുപക്ഷ നേതാവ് അബെലാര്‍ഡോ ഡെ ലാ എസ്പ്രീല്ലയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഓഗസ്റ്റ് ഏഴിന് അധികാരമേല്‍ക്കാനിരിക്കുകയാണ്. ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും എംബസി ജറുസലമിലേക്ക് മാറ്റുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, അധികാരത്തില്‍നിന്ന് പുറത്തു പോകുന്ന പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ സര്‍ക്കാര്‍ 2024 മെയ് മാസത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു.
English Summary: The Organisation of Islamic Cooperation (OIC) on Thursday, July 16, strongly condemned reports that Colombia intends to open an embassy in Jerusalem, calling the move a violation of UN Security Council resolutions and a departure from Bogota’s long-standing support for Palestinian rights. OIC’s General Secretariat said the reported move would harm relations between Colombia and the organisation’s 57 member states and reflected a “regrettable departure” from Colombia’s historic positions on the Palestinian issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."