അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു
കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ ലോറി ഡ്രൈവർ അർജുന്റെ നോവുന്ന ഓർമകളിൽ വിതുമ്പി ഉറ്റവരും നാടും.
അപകടത്തിൽ കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കാണാതായിട്ട് ഇന്നലേക്ക് രണ്ട് വർഷം തികഞ്ഞു. അർജുന്റെ വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ആ വേർപാടിന്റെ ഓർമകൾ പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് അർജുന്റെ ചിത്രം പങ്കുവെച്ച് ആദരാഞ്ജലികൾ അർപ്പിച്ചത്.
കാണാതായി 72 ദിവസങ്ങൾ നീണ്ട, സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. 2024 ജൂലൈ 16-ന് ബെൽഗാമിൽ നിന്ന് തടിയുമായി മലപ്പുറം എടവണ്ണയിലേക്ക് മടങ്ങുന്നതിനിടെയാണ് ഷിരൂരിൽ ദേശീയപാതയോരത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡരികിൽ ലോറി നിർത്തി വിശ്രമിക്കുകയായിരുന്ന അർജുൻ ഈ അപകടത്തിൽപ്പെടുകയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബവും ലോറി ഉടമ മനാഫും ചേർന്ന് കർണാടക പൊലീസിൽ വിവരമറിയിച്ചത്.
ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നുവെന്ന വിമർശനം ഉയർന്നിരുന്നെങ്കിലും പിന്നീട് തിരച്ചിൽ ശക്തമാക്കി. കേരള സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സജീവമായ ഇടപെടലുകളെ തുടർന്ന് വിവിധ ഏജൻസികൾ ചേർന്ന് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ മണ്ണിനടിയിലാണെന്ന നിഗമനത്തിലായിരുന്നു തിരച്ചിൽ. എന്നാൽ പിന്നീട് ലോറി ഗംഗാവലി പുഴയിലേക്ക് പതിച്ചിരിക്കാമെന്ന വിലയിരുത്തലിൽ തിരച്ചിൽ പുഴയിലേക്ക് മാറ്റി.
സൈന്യം, നേവി, എൻ.ഡി.ആർ.എഫ്, കോസ്റ്റ് ഗാർഡ് എന്നിവർക്കൊപ്പം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും ചേർന്ന് ദിവസങ്ങളോളം തിരച്ചിൽ തുടർന്നു. ശക്തമായ അടിയൊഴുക്കും പുഴയിൽ അടിഞ്ഞുകൂടിയ ചെളിയും കല്ലും വലിയ വെല്ലുവിളിയുയർത്തിയ നീണ്ട തിരച്ചിലിനൊടുവിൽ, സെപ്റ്റംബർ 25-നാണ് പുഴയിൽ നിന്ന് ലോറി കണ്ടെത്തിയത്.
കാബിനിൽ നിന്ന് അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെടുത്തതോടെ ഒരു നാടിന്റെയാകെ പ്രാർഥനകളാണ് കണ്ണീരിൽ അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."