നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി
എറണാകുളം: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. നേരത്തെ തന്നെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
20 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടുണ്ട്. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കണം. പാലക്കാട് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍കാലങ്ങളിലെ വിവിധ കേസുകളുടെ റെഫറന്‍സുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷ നല്‍കുന്നതിലൂടെ സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ചെന്താമര, ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. സുധാകരനെ ആക്രമിക്കുന്നത് തടയാന്‍ ഓടിയെത്തിയപ്പോഴാണ് ലക്ഷ്മിയെ വെട്ടുന്നത്. സുധാകരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ലക്ഷ്മി ചികിത്സക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.
തന്റെ കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയവും പകയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. നേരത്തെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ പ്രതി, വ്യവസ്ഥകള്‍ ലംഘിച്ചാണ് നെന്മാറ പോത്തുണ്ടിയിലെത്തിയതും ഇരട്ടക്കൊലപാതകം നടത്തിയതും.
വിചാരണയ്ക്കിടയിലും വിധി പറയുന്ന സമയത്തും യാതൊരുവിധ കുറ്റബോധവുമില്ലാതെയായിരുന്നു ചെന്താമരയുടെ പെരുമാറ്റം. കോടതിയില്‍ പ്രതി നടത്തിയ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു: 'ഒരു കരണത്ത് അടി കിട്ടിയാല്‍ മറു കരണം കൂടി കാണിച്ചുകൊടുക്കാന്‍ ഞാന്‍ ഗാന്ധിയല്ല' പ്രതി കോടതിയില്‍ പറഞ്ഞു. 'ഇങ്ങോട്ട് വന്നാല്‍ ഞാന്‍ വിടില്ല, അങ്ങോട്ട് പോകില്ല' എന്ന് പറഞ്ഞ പ്രതി കുറ്റം ചെയ്യാനുള്ള സാഹചര്യമായി ഉന്നയിച്ചത് തന്നെ പ്രകോപിപ്പിച്ചു എന്നാണ്. എന്നാല്‍, ഇരകളുടെ ഭാഗത്തുനിന്നു പ്രതിക്കെതിരെ യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. മാതാപിതാക്കളും മുത്തശ്ശിയും നഷ്ടപ്പെട്ട് അനാഥരായ ആ പെണ്‍കുട്ടികളുടെ അവസ്ഥയും കോടതി പ്രത്യേകമായി പരിഗണിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാളിതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി കുറ്റകൃത്യത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കേണ്ടത് സ്റ്റേറ്റിന്റെ (സര്‍ക്കാരിന്റെ) കൂടി ഉത്തരവാദിത്തമാണെന്നും ഓര്‍മിപ്പിച്ചു. പെണ്‍കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികളും സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന ശക്തമായ നിര്‍ദ്ദേശവും വിധിപ്രസ്താവം പൂര്‍ത്തിയാക്കിക്കൊണ്ട് കോടതി നല്‍കി.
the court awarded the death penalty to accused chenthamara in the nenmara double murder case, describing it as one of the rarest of rare cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."