പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം
പയ്യന്നൂർ: നാടിനെ നടുക്കിയ കൂട്ടആത്മഹത്യയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കുട്ടികളുടെ അമ്മ രംഗത്ത്. രണ്ട് മക്കളെ കൊലപ്പെടുത്തി ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. സ്വന്തം കുഞ്ഞിനെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും, ഈ വിവരങ്ങൾ പുറത്തറിഞ്ഞതിലുള്ള ഭയവും മാനസിക വിഷമവുമാകാം കുഞ്ഞുങ്ങളെ കൊന്ന് ഭർത്താവും ഭർതൃമാതാവും ആത്മഹത്യ ചെയ്യാൻ കാരണമെന്നുമാണ് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അടുത്തിടെ ഭർതൃപിതാവ് മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യുവതി ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. അയാൾ സ്ഥിരം കുറ്റവാളിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സ്വന്തം മക്കളുടെ മരണത്തിലടക്കം സമഗ്രമായ പുനരന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.
യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:
"കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് വേദനയും നീരും ഉണ്ടായിരുന്നു. കുളിപ്പിക്കുമ്പോൾ സോപ്പ് തേക്കാൻ പോലും സമ്മതിച്ചിരുന്നില്ല. പേടിച്ച് വിറച്ചിരുന്ന കുഞ്ഞിനോട് കാര്യം തിരക്കിയപ്പോഴാണ് ഉറങ്ങുമ്പോൾ അച്ചാച്ഛൻ എന്തൊക്കെയോ ചെയ്തതായി മകൾ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ പാടുകളുമുണ്ടായിരുന്നു. അതോടെ കുട്ടി കടുത്ത മാനസിക ആഘാതത്തിലായി."
സംഭവം പുറത്തുപറഞ്ഞാൽ കുഞ്ഞിനെയും യുവതിയെയും വധിക്കുമെന്ന് ഭർതൃപിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് ഭർത്താവ് കൂട്ടുനിന്നതായും യുവതി ആരോപിക്കുന്നു. പരാതിപ്പെടാൻ ശ്രമിച്ചപ്പോൾ മുറിയിലിട്ട് പൂട്ടി ക്രൂരമായി മർദിച്ചു. ഭർത്താവിനോട് കാര്യം പറഞ്ഞപ്പോൾ കഴുത്തിന് പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പൊലീസിനെതിരെ ഗുരുതര ആരോപണം
സംഭവത്തിൽ അന്ന് പയ്യന്നൂർ പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും തികഞ്ഞ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യുവതി ആരോപിച്ചു. തന്നോട് വളരെ മോശമായാണ് പൊലിസ് സംസാരിച്ചത്. പരാതിയിൽ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിന് പകരം പ്രതിക്ക് അനുകൂലമായ റിപ്പോർട്ടാണ് പൊലിസ് തയ്യാറാക്കിയത്. പീഡനത്തിന് ഇരയായ കുട്ടിയെ ദിവസങ്ങളോളം പ്രതിയുടെ വീട്ടിൽത്തന്നെ നിർത്തേണ്ടിവന്ന സാഹചര്യം പൊലിസിനെ അറിയിച്ചപ്പോൾ തനിക്കെതിരെ കേസെടുക്കുകയാണുണ്ടായത്.
അന്ന് പൊലിസ് കൃത്യമായി ഇടപെടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിൽ തന്റെ കുഞ്ഞുങ്ങളും ഭർത്താവും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് യുവതി കണ്ണീരോടെ കൂട്ടിച്ചേർത്തു. കുട്ടിയെ പ്രതി വീണ്ടും ഉപദ്രവിക്കുന്നത് കണ്ടതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാകാം ഭർത്താവും അമ്മയും കുഞ്ഞുങ്ങളെ അപായപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് യുവതി സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."