മീന്‍ പൊതിയാന്‍ സീതിക്കയുടെ 'തേക്കില' ഇനി പനമരം മാര്‍ക്കറ്റിലും
പനമരം: സീതിക്കയുടെ കൈയില്‍ നിന്നു മീന്‍ വാങ്ങുന്നവര്‍ക്കു ലഭിക്കുന്നത് പ്രകൃതിയുടെ നല്ലപാഠം കൂടിയാണ്. തേക്കിന്റെ ഇലയില്‍ പൊതിഞ്ഞാണ് കുണ്ടാല-ആറാംമൈല്‍ സ്വദേശിയായ സീതിക്ക മത്സ്യങ്ങള്‍ നല്‍കുന്നത്. വര്‍ഷങ്ങളായി മീന്‍ കച്ചവടം നടത്തുന്ന സീതിക്ക, പ്ലാസ്റ്റിക് നിരോധനം വന്നതോടെയാണ് മത്സ്യം പൊതിയാന്‍ തേക്കിലയെ ആശ്രയിച്ചു തുടങ്ങിയത്.
പനമരം മാര്‍ക്കറ്റില്‍ നിന്നാണ് സീതിക്ക മത്സ്യമെടുക്കുന്നത്. മാര്‍ക്കറ്റിലെത്തിയാല്‍ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും ഇദ്ദേഹം സംസാരിച്ചു തുടങ്ങും. ഇതോടെ സീതിക്കയുടെ തേക്കില മാതൃക മാര്‍ക്കറ്റിലുള്ള വ്യാപാരികളും പിന്തുടരുകയായിരുന്നു. ഒരുമാസമായി മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങുന്ന സമീപപ്രദേശങ്ങളിലുള്ളവര്‍ക്കു തേക്കിലയില്‍ പൊതിഞ്ഞാണ് ഇദ്ദേഹം നല്‍കുന്നത്. പുതിയ രീതിക്ക് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
നിലവില്‍ 200, 300 ഇലകള്‍ വരെയാണ് പ്രതിദിനം മാര്‍ക്കറ്റില്‍ ചെലവാകുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗിനു പകരം ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയാല്‍ അപകടകാരിയായി പ്ലാസ്റ്റികിനെ പൂര്‍ണമായും ഉപേക്ഷിക്കാനാകുമെന്നും ഇവര്‍ പറയുന്നു. സാമാന്യം വലുപ്പമുണ്ടാകുമെന്നതിനാല്‍ തേക്കിന്‍ ഇലയില്‍ മത്സ്യം പൊതിഞ്ഞു നല്‍കാനും എളുപ്പമാണ്. എന്നാല്‍ പ്രകൃതിയുടെ നല്ലപാഠം പഠിപ്പിക്കാനും സീതിക്ക എപ്പോഴും തയാറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."