അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു. കോഴിക്കുളങ്ങര ക്ഷേത്രത്തിന് വടക്കുവശം ചൂളക്കടവില്‍ ഖാലിദിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഗര്‍ഭിണികളായ രണ്ട് ആടുകളും ഇവയിലുണ്ട്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്.
പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആറ് ആടുകളില്‍ അഞ്ചെണ്ണവും ചത്തു. കെട്ടിയിടാതിരുന്ന ഒരു ആട് മാത്രം ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു. എല്ലാ ആടുകളുടെയും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
ചിലതിന്റെ ശരീരത്തില്‍ നിന്നും മാംസം കടിച്ചെടുത്ത നിലയിലാണ്. ആടുകള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചു. ആടുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് പുലിയാണെന്ന സംശയം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എന്‍ രാമദാസ് വനം വകുപ്പുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സൂക്ഷ്മപരിശോധനയില്‍ ആടുകളെ കൊന്നത് കുറുക്കന്‍മാരാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ചാലക്കുടി ഫോറസ്റ്റ് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോസ് പ്രകാശ്, പരിസ്ഥിതി പ്രവര്‍ത്തകനായ ഫിലിപ് കൊറ്റനല്ലൂര്‍ എന്നിവരാണ് പരിശോധനക്കെത്തിയത്.
കുറ്റിക്കാടുകളും കണ്ടല്‍കാടുകളും നിറഞ്ഞ വിജന പ്രദേശമുള്ള കോഴിക്കുളങ്ങരയില്‍ വളര്‍ത്തു മൃഗള്‍ക്ക് നേരെയുണ്ടായ ആക്രമണം നാട്ടുകാരെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."