തിരൂര്‍ സ്‌റ്റേഡിയം വിവാദം നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും
തിരൂര്‍: താഴെപ്പാലത്തെ രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയം 15 ദിവസത്തിനകം ഏറ്റെടുക്കാമെന്ന ഉറപ്പ് ചെയര്‍മാന്‍ പാലിച്ചില്ലെന്ന് ആരോപിച്ച് തിരൂര്‍ നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. കൗണ്‍സില്‍ അജണ്ടകള്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സ്റ്റേഡിയം വിഷയമുന്നയിച്ച യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
മുസ്‌ലിംലീഗ് അംഗം കല്‍പ്പ ബാവയാണ് പ്രശ്‌നം ആദ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്. 15 ദിവസത്തിനകം സ്റ്റേഡിയം ഏറ്റെടുക്കുമെന്ന് കഴിഞ്ഞമാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും വിഷയത്തില്‍ എന്ത് തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് വിശദീകരിച്ചതിന് ശേഷം യോഗനടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് കല്‍പ്പ ബാവ നിലപാടെടുത്തതോടെയാണ് പ്രതിഷേധത്തിന്റെ തുടക്കം.
നഗരസഭാ എന്‍ജിനീയറിങ് വിഭാഗവും കേരള അത്‌ലറ്റിക്‌സ് അസോസിയേഷനും സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയെന്നും അവയുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് അത് പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് മറുപടി. സര്‍ക്കാര്‍ നിയോഗിച്ച ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേഡിയം പരിശോധിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. എന്നാല്‍ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള അന്വേഷണം വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ സ്വന്തം നിലയില്‍ പരിശോധനാ സമിതികളെ നിയോഗിച്ചതെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് വെക്കാമെന്ന് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പു നല്‍കിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഇതിനിടെ ഭരണപക്ഷത്തെ അബ്ദുറഹ്മാന്‍, പി സഫിയ എന്നിവര്‍ പ്രതിപക്ഷത്തിനെതിരേ രംഗത്തുവന്നു. റിപ്പോര്‍ട്ട് വെക്കാന്‍ കഴിയില്ലായിരുന്നുവെങ്കില്‍ ചെയര്‍മാന്‍ നേരത്തെ അറിയിക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ട് പോലും യഥാസമയം പൂര്‍ത്തീകരിക്കാനായിട്ടില്ലെന്നിരിക്കെ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ ഏറ്റെടുക്കല്‍ വീണ്ടും വൈകിപ്പിക്കാനാണ് നഗരസഭാ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനു കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് മുദ്രാവാക്യം വിളികളുമായി യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
സ്ഥിരസമിതി അധ്യക്ഷന്‍മാരായ കല്‍പ്പ ബാവ, പി.ഐ റൈഹാനത്ത്, പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍, സി കുഞ്ഞീതു, കുഞ്ഞിപ്പ, മൊയ്തീന്‍കുട്ടി സംസാരിച്ചു. കൗണ്‍സില്‍ ഹാള്‍ വിട്ടിറങ്ങിയ പ്രതിപക്ഷം നഗരസഭാ പ്രവേശന കവാടത്തിലും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."