പ്രധാനമന്ത്രിക്ക് വ്യാജബോംബ് ഭീഷണി; അന്വേഷണം ഊര്‍ജിതമാക്കി
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയുണ്ടായ വ്യാജബോംബ് ഭീഷണിയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ 24ന് പുലര്‍ച്ചെ 2.30ഓടെയാണ് നടക്കാവ് പൊലിസ് സ്‌റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോണ്‍സന്ദേശം വന്നത്. പാകിസ്താനില്‍ നിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയില്‍ പറഞ്ഞുതുടങ്ങിയ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തെകുറിച്ച് നടക്കാവ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ 'ഹുണ്ടി കോള്‍' (വിപണിയില്‍ ഇല്ലാത്ത വിദേശനിര്‍മിത റൂട്ടറുകള്‍ ഉപയോഗപ്പെടുത്തി ഇന്‍െര്‍നെറ്റ് വഴി രാജ്യാന്തര കോളുകള്‍ വിളിക്കാവുന്ന സംവിധാനം) ആണ് വന്നതെന്നു തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇന്റര്‍നെറ്റ് ഫോണ്‍ ആയതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുക ശ്രമകരമാണ്. ഗള്‍ഫില്‍ നിന്നാണ് ഫോണ്‍ വന്നതെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.
വ്യാജബോംബ് ഭീഷണിയെ തുടര്‍ന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ വേദികളിലെല്ലാം കര്‍ശനപരിശോധനയാണ് പൊലിസ് നടത്തിയിരുന്നത്. വേദികളെല്ലാം പൊലിസും ഡല്‍ഹില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓരോനീക്കവും എസ്.പി.ജി അടക്കമുള്ളവരുടെ കര്‍ശനസുരക്ഷാ വലയത്തിലായിരുന്നു.
ഇതിന്റെ ഭാഗമായി സ്വപ്നനഗരിയിലെ വേദിയുടെ ആകൃതിപോലും എസ്.പി.ജി ഉദ്യോഗസ്ഥര്‍ അവസാനനിമിഷം മാറ്റിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യാത്രയിലും എസ്.പി.ജി ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."