ചാനലുകള്‍ക്കെതിരായ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതു ചാനലുകള്‍ വാടകക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഖേദകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി. റഹിം, സെക്രട്ടറി ബി എസ് പ്രസന്നന്‍ എന്നിവര്‍ പറഞ്ഞു. മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനേ മുഖ്യമന്ത്രിയുടെ പ്രസ്താവന സഹായിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് സത്യസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊല്ലം: തന്നെ കരിങ്കൊടി കാണിച്ചത് മാധ്യമപ്രവര്‍ത്തകര്‍ വാടകയ്‌ക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അപലപനീയമാണ്. നിയമസഭാ രേഖകളില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. ജില്ലാ പ്രസിഡന്റ് സി വിമല്‍കുമാര്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, ജില്ലാ സെക്രട്ടറി ഡി ജയകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."