നഴ്‌സിങ് വിദ്യാര്‍ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ കൊയ്യുന്നത് കോടികള്‍
കൊല്ലം: സംസ്ഥാനത്തു നഴ്‌സിങ് വിദ്യാര്‍ഥികളുടെ നിസഹായാവസ്ഥ ചൂഷണം ചെയ്യുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദുര്‍ഗതി. സംസ്ഥാനത്തു സ്വകാര്യമേഖലയില്‍ നൂറോളം ബി.എസ്.സി നഴ്‌സിങ് കോളജുകളുണ്ട്. ജനറല്‍ നഴ്‌സിങ് കോളജുകളാകട്ടെ അന്‍പതോളവും വരും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വിദ്യാര്‍ഥികളെ പഠനത്തിനെന്ന പേരില്‍ ഡ്യൂട്ടിക്ക് നിര്‍ത്തുമ്പോള്‍ അവരുടെ ഇന്‍സ്ട്രക്ടര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാലിത് മിക്കപ്പോഴും പാലിക്കപ്പെടാറില്ല. പകല്‍ സമയങ്ങളില്‍പോലും ഇന്‍സ്ട്രക്ടര്‍മാര്‍ അവിടേക്ക് വരാറില്ലെന്നാണ് പരാതി. സ്റ്റാഫ് നഴ്‌സുമാര്‍തന്നെ ക്ലീനിങ് നടത്തുന്ന ആശുപത്രികളുമുണ്ട്. ഈ ആശുപത്രികളിലൊക്കെയും പഠനത്തിന്റെ ഭാഗമെന്നു പറഞ്ഞാണ് വിദ്യാര്‍ഥികളെ ഡ്യൂട്ടി ഷിഫ്റ്റിലിടുന്നത്. എന്നാല്‍ രാത്രികാലങ്ങളിലടക്കം ഒരു ഫ്‌ളോറില്‍ ഒരു സ്റ്റാഫ് നഴ്‌സും ബാക്കി വിദ്യാര്‍ഥികളുമാണ് ഡ്യൂട്ടിക്കുണ്ടാകുക. ഇരുപതും മുപ്പതും രോഗികള്‍ക്ക് ഒരു സ്റ്റാഫ് നഴ്‌സ് എന്നാണ് അവസ്ഥ. എന്നാല്‍ രോഗികളില്‍ നിന്ന് നഴ്‌സിങ് ചാര്‍ജ്ജ് ആയി ആയിരങ്ങള്‍ ഈടാക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്.
ഫ്‌ളോറുകളിലെ ഇരുപതും മുപ്പതും രോഗികള്‍ക്ക് ഒരു നഴ്‌സിനെ ഡ്യൂട്ടിക്കിട്ടാല്‍ ഓടിയെത്തുക പ്രായോഗികമല്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. നിവൃത്തികേടു കൊണ്ട് ഇഞ്ചക്ഷന്‍ ലോഡ് ചെയ്ത് വിദ്യാര്‍ഥികളെ ഏല്‍പ്പിക്കും. ഇഞ്ചക്ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികളെ ഏല്‍പ്പിക്കുന്നത് ഗുരുതര വീഴ്ചയുമാണ്. രോഗികള്‍ക്കുള്ള ഗുളികകള്‍ ഇവരുടെ കൈയില്‍ കൊടുത്തു വിടുന്നതും പതിവാണ്. ഏതെങ്കിലും ചികിത്സാ പിഴവുണ്ടായാല്‍ ഉത്തരവാദിത്തം തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുമെന്ന് നഴ്‌സുമാര്‍ പറയുന്നു. പെണ്‍കുട്ടികളാണ് ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നവരില്‍ അധികവും.
കേരളത്തിലെ സ്വകാര്യകോളജുകളില്‍ നാലു വര്‍ഷത്തെ ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കാന്‍ ഫീസിനത്തില്‍ മത്രം മൂന്നരലക്ഷത്തോളം രൂപ വരുമെന്നാണ് കണക്ക്. ഒരു ബാച്ചില്‍ ചുരുങ്ങിയത് അന്‍പത് പേരെങ്കിലുമുണ്ടാകും. നാലു ബാച്ചിലും കൂടി 200 പേര്‍. ജനറല്‍ നഴിംഗിനു ചേരുന്നവരും നൂറു കണക്കിന് വിദ്യാര്‍ത്ഥികളുണ്ട്. ഫീസിനത്തില്‍ മാത്രം ഇവരില്‍ നിന്ന് പിരിച്ചെടുക്കുന്നത് കോടിക്കണക്കിന് രൂപ വരും.
സ്റ്റാഫ് നഴ്‌സുകളുടെ എണ്ണം കുറച്ച് പകരം വിദ്യാര്‍ഥികളെ പണിയെടുപ്പിക്കുന്നതുവഴി ശമ്പളയിനത്തിലും ലക്ഷങ്ങളാണ് ആശുപത്രികള്‍ക്കു ലാഭം. ഇതനുസരിച്ചു നഴ്‌സുമാരുടെ സേവനം ലഭ്യമാകാതെ നഴ്‌സിങ് ചാര്‍ജ്ജെന്ന പേരില്‍ വന്‍തുകയാണ് ഈടാക്കാറുള്ളത്. 2013 ല്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നഴ്‌സുമാരും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയിലാണ് നഴ്‌സുമാരുടെ ശമ്പളം 13,000 ആയി ഉയര്‍ത്തിയത്. ഇതിനു ശേഷമാണ് ആശുപത്രികള്‍ നഴ്‌സിങ് ചാര്‍ജ്ജ് ഉയര്‍ത്തിയത്. ഡോക്ടറുടെ സേവനത്തിന് ഈടാക്കുന്ന തുകയേക്കാള്‍ കൂടുതലാണ് നഴ്‌സിങ് ചാര്‍ജ്ജെന്ന പേരില്‍ ഈടാക്കുന്നത്. വലിയ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഫീസായി ബില്ലില്‍ രേഖപ്പെടുത്തുന്നത് ദിവസം ശരാശരി 250 രൂപയാണ്. നഴ്‌സിങ് ചാര്‍ജ്ജായി വാങ്ങിക്കുന്നത് 300 രൂപയും. കിടക്കകള്‍ കുറഞ്ഞ ആശുപത്രികളില്‍ ഇത് യഥാക്രമം 150 ഉം 200ഉം ആണ്.
മുമ്പൊക്കെ നഴ്‌സിങ് ചാര്‍ജ്ജെന്ന പേരില്‍ ഒറ്റതുകയാണ് ഈടാക്കിയിരുന്നതെങ്കില്‍ ശമ്പള പരിഷ്‌ക്കരണത്തിന് ശേഷം വ്യത്യസ്ത സേവനങ്ങള്‍ക്കായാണ് ഫീസ്. ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ്, ബെഡ് ബാത്ത് എന്നിങ്ങനെ ഓരോ സേവനങ്ങള്‍ക്കും പ്രത്യേകമാണ് ബില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."