എ.ബി.വി.പി മാര്‍ച്ച് അക്രമാസക്തമായി; ഹോംഗാര്‍ഡിന് ക്രൂരമര്‍ദനം പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരേ എ.ബി.വി.പി പ്രവര്‍ത്തകര്‍ മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ വളഞ്ഞിട്ട് മര്‍ദിച്ച സമരക്കാരുടെ അക്രമത്തില്‍ ഒരു സിവില്‍ പൊലിസ് ഓഫിസര്‍ക്കും പരുക്കേറ്റു. തുടര്‍ന്നു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കിയും പ്രയോഗിച്ചു. ഹോംഗാര്‍ഡ് പ്രേംരാജ്, സിവില്‍ പൊലിസ് ഓഫിസര്‍ ആര്‍. അജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സമരത്തിനിടെ പൊലിസുകാര്‍ക്കുനേരെ കല്ലേറുമുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അന്‍പതോളം എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. ഡി.ഡി.ഇ ഓഫിസ് കോംപൗണ്ടിന് പുറത്ത് പൊലിസ് ബാരിക്കേഡ് കെട്ടി ഇവരെ തടഞ്ഞു. ജില്ലാ കണ്‍വീനര്‍ അമല്‍രാജിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ ജിനേഷ്, അശ്വിന്‍, അഭിറാം എന്നീ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലൂടെ ചാടി ഡി.ഡി.ഇ ഓഫിസ് കോംപൗണ്ടില്‍ കടന്നു. തടയാന്‍ ശ്രമിച്ച പൊലിസുകാരെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. ഹോംഗാര്‍ഡിന്റെ കൈയിലുള്ള വടി പിടിച്ചുവാങ്ങി തല്ലുകയും ചെയ്തു. വിമുക്ത ഭടനായ പ്രായമുള്ള ഹോംഗാര്‍ഡിനെ ക്രൂരമായാണ് സമരക്കാര്‍ നേരിട്ടത്. ഹോംഗാര്‍ഡായതിനാല്‍ അദ്ദേഹത്തിന് തിരിച്ചു തല്ലാനും കഴിഞ്ഞില്ല. ആകെ മൂന്നു പൊലിസുകാര്‍ മാത്രമേ കോംപൗണ്ടിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ. ബലപ്രയോഗത്തിനൊടുവില്‍ മൂന്നു പ്രവര്‍ത്തകരെയും പൊലിസുകാര്‍ പിടികൂടി.
ഇതിനിടെ ഗെയിറ്റിന് പുറത്ത് കുത്തിയിരുന്ന പ്രവര്‍ത്തകര്‍ പൊലിസുമായി ഉന്തുംതള്ളുമായി. പൊലിസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ അസി. കമ്മിഷണര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരമാവധി സംയമനം പാലിച്ചു.
പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയില്‍ തളര്‍ന്ന പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കോംപൗണ്ടിനുള്ളില്‍ കടന്ന മൂന്നു പ്രവര്‍ത്തകരെയും പൊലിസ് കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്. ഡെപ്യൂട്ടി കലക്ടര്‍ ഇമ്പശേഖറും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."