വീടിന് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആക്ഷേപം
കടപ്പുറം: വട്ടേക്കാട് ബധിര യുവാവ് സ്വന്തം ഭൂമിയില്‍ ഐ.എ.വൈ പദ്ധതിയില്‍ നിര്‍മിച്ച വീടിന് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആക്ഷേപം.
വട്ടേക്കാട് സ്വദേശി പുതുശേരി വീട്ടില്‍ മുഹമ്മദിന്റെ മകന് സാക്കിറീന്റെ അപേക്ഷയിലാണ് കൈവശ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് കടപ്പുറം പഞ്ചായത്ത് അധികൃതര്‍ നോട്ടിസ് നല്‍കിയത്. ഭവന രഹിതര്‍ക്ക് വീട് വെക്കാനുള്ള ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ കടപ്പുറം പഞ്ചായത്ത് വഴിയാണ് യുവാവിന് വീട് വെക്കാനുള്ള സാമ്പത്തിക സഹായം ലഭിച്ചത്.
ഈ പദ്ധതിയില്‍ വീടിന് അപേക്ഷ നല്കി നിര്‍മാണത്തിന്റെ വിവിധഘട്ടത്തിലൂടെ ഘട്ടം ഘട്ടമായാണ് തുക മുഴുവനായി നല്‍കുന്നത്. ഓരോ ഘട്ടത്തിലും അതിനു മുമ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. എന്നാല്‍ പണം മുഴുവന്‍ നല്കി, വീട് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൈവശ സര്‍ട്ടിഫിക്കറ്റിനു ചെന്നപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ നഞ്ച ഭൂമിയിലാണ് വീട് നിര്‍മിച്ചതെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റിനുള്ള അനുമതി നിഷേധിച്ചത്.
വട്ടേക്കാട് മേഖലയിലെ വീടുകളെല്ലാം നഞ്ച ഭൂമിയലാണ് നിര്‍മിച്ചിട്ടുള്ളത്. മേഖലയില്‍ അടുത്തിടെ നിര്‍മിച്ച കോര്ട്ടേഴ്സനു പോലും കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് സാക്കിറിന്റ ബന്ധുക്കള്‍ ആരോപിക്കുന്നു.
പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ സാക്കിര്‍ ചാവക്കാട് കോടിതിയിലെ ലീഗല്‍ സര്‍വിസസ് കമ്മിറ്റിയില്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച ലീഗല്‍ കമ്മിറ്റി ചെയര്മാന് ഇരുപത് ദിവസത്തിനകം അനുമതി നല്കാന് ഉത്തരവിറക്കിയതായും സാക്കിറിന്റെ പിതാവ് മുഹമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."