വിഷമീന്‍ തല കഴിച്ച 200 ഓളം പേര്‍ ചികിത്സ തേടി; 2 പേരുടെ നില ഗുരുതരം
മംഗളൂരു: വിഷമീന്‍ തല കഴിച്ച 200 പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കെമ്പേരി (റെഡ് സ്‌നാപ്പര്‍), തോണ്ടി (പഫര്‍) എന്നീ ഇനത്തില്‍പ്പെട്ട മീനുകളുടെ തല കഴിച്ചവരാണ് ആശുപത്രിയിലായത്. മംഗളൂരുവിലാണ് സംഭവം. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. പ്രാഥമിക ചികിത്സനല്‍കിയശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊച്ചിവഴി ഇറക്കുമതി ചെയ്ത മീനാണിതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.) മംഗളൂരു മേഖലാ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അശോക് കുമാര്‍ പറഞ്ഞു. മംഗളൂരുവിലെ കൊണാജെയിലുള്ള ഫാക്ടറിയില്‍ മത്സ്യങ്ങള്‍ സംസ്‌കരിച്ച ശേഷം ബാക്കിവന്ന തലകള്‍ പ്രാദേശിക കച്ചവടക്കാര്‍ വാങ്ങി വില്‍ക്കുകയായിരുന്നു. ഇറക്കുമതി ചെയ്യുന്ന മീന്‍ സംസ്‌കരിച്ച് അയക്കുന്ന പ്രവര്‍ത്തികള്‍ മാത്രമാണ് കമ്പനി ചെയ്തു വരുന്നത്. ഫാക്ടറിയുടെ ഇടപാടുകള്‍ക്കുപുറമേ ഈ മീന്‍ കൊച്ചിയില്‍ എത്തിച്ചവരെ കുറിച്ചും, മത്സ്യം വിദേശത്ത് നിന്നും കൊണ്ടുവന്ന കപ്പലിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫാക്ടറിയില്‍ നിന്ന് മീന്‍തലകള്‍ വാങ്ങിയ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി.
ശരീരത്തില്‍ വിഷമുള്ള മീനാണ് തോണ്ടിയെന്ന് ഫിഷറീസ് കോളജ് ഡീന്‍ ഡോ. വേണുഗോപാല്‍ വിശദീകരിച്ചു. ചിലയിനങ്ങളില്‍ മാംസത്തിലും ചിലവയില്‍ തലയുള്‍പ്പെടെ ശരീരഭാഗങ്ങളിലും വിഷാംശമുണ്ട്. കെമ്പേരിയുടെ തലയിലാണ് വിഷം. അന്താരാഷ്ട്രവിപണിയില്‍ ഏറെ പ്രിയമുള്ള മീനാണ് കെമ്പേരി. മംഗളൂരുവില്‍ നിന്ന് പ്രതിദിനം 30 മുതല്‍ 40 ടണ്‍ വരെ സംസ്‌കരിച്ച തോണ്ടി മത്സ്യങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. വിഷമുള്ള ഭാഗങ്ങള്‍ ചെയ്തു സംസ്‌കരിച്ച ശേഷമാണ് ഇവ കയറ്റി അയക്കുന്നത്.
മംഗളൂരു , ഉഡുപ്പി മേഖലയില്‍ ഉള്ളവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യത ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നത്. 'സിഗോറ്റേറിയ' എന്ന അസുഖമാണ് ഇവര്‍ക്ക് ബാധിച്ചതെന്ന് മംഗളൂരുവിലെ താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഫാക്ടറിയിലെ ജീവനക്കാരും ചികിത്സ തേടിയവരിലുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
കടലിലെ പവിഴപ്പുറ്റുകളോടു ചേര്‍ന്ന് വളരുന്ന വിഷമുള്ള സൂക്ഷ്മസസ്യങ്ങളില്‍ (ആല്‍ഗകള്‍)നിന്നാണ് വിഷാംശം മത്സ്യത്തില്‍ കലരുന്നത്. സൂക്ഷ്മസസ്യങ്ങളെ ആഹാരമാക്കുന്ന ചെറുമീനുകളെ കഴിക്കുന്നതിലൂടെയാണിതെന്ന് ഫിഷ് ടോക്‌സിക്കോളജിസ്റ്റ് ഡോ. ഇന്ദ്രാണി കരുണസാഗര്‍ പറഞ്ഞു. ഇവയുടെ തല, കരള്‍, കുടല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് വിഷം കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."