സുഭാഷ് വാര്‍ഷികവും ഓണാഘോഷവും ഇന്ന്: ഡ്രമാറ്റിക് ഫ്യുഷന് അരങ്ങേറും
തൃക്കരിപ്പൂര്‍: പാശ്ചാത്യ നൃത്തച്ചുവടുകളും നാടന്‍ നടനരീതികളും സമന്വയിപ്പിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ ഡ്രമാറ്റിക് ഫ്യുഷന് മോഡേണ്‍ ഒപ്പന ഇന്ന് എടാട്ടുമ്മല്‍ ആലുംവളപ്പില്‍ അവതരിപ്പിക്കും. എടാട്ടുമ്മല്‍ സുഭാഷ് സ്പോര്‍ട്സ് ക്ലബിന്റെ ഓണാഘോഷവാര്ഷിക പരിപാടിയുടെ ഭാഗമായാണു പരിപാടി അരങ്ങേറുക.
അറുപതോളം കലാകാരന്മാരെ പ്രത്യേക വേഷങ്ങളോടെ ഒന്നിച്ച് അണിനിരത്തിക്കൊണ്ടാണു സംഗീത ശില്പം വേദിയിലെത്തിക്കുന്നത്.
ഒരേസമയം സ്റ്റേജിലും സ്റ്റേജിനു പുറത്തും നടക്കുന്ന ഈ പരിപാടി നയിക്കുന്നത് സന്തോഷ്ട്രോഫി താരം പ്രവീണ്‍ കുമാറാണ്. രണ്ടു മാസത്തോളമായി ക്ലബ് ഹാളില്‍ പരിശീലനം നടത്തിവന്നിരുന്ന ഈ ട്രൂപ്പിന്റെ ഫൈനല്‍ റിഹേഴ്സല്‍ ഇന്നലെ നടന്നു. ഇന്നു രാത്രി എട്ടുമണിയോടെയാണ് ഈ നൃത്ത സംഗീതശില്പം അരങ്ങിലെത്തുക.
ഓണാഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള 'നെല്ലുകുത്തി അരിയാക്കാമോ' മത്സരവും പന്ത്രണ്ടോളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കണ്ണൂര്‍ കാസര്‍കോട് ജില്ലാ തല കമ്പവലി മത്സരവും അരങ്ങേറും.
രാത്രി ഏഴിനു നടക്കുന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നീലാംബരി തൃക്കരിപ്പൂര്‍ ഒരുക്കുന്ന ഗാനമേള അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."