കയറംപാറ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആധുനികവല്കരണം കടലാസില്‍ തന്നെ
പത്തിരിപ്പാല: കയറംപാറ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആധുനികവത്കരണം ത്രിശങ്കുവില്‍. പ്രവര്‍ത്തനക്ഷമതയും ഉത്പാദനമികവും വര്‍ധിപ്പിക്കുന്നതിന് ആരംഭിക്കാന്‍ തീരുമാനിച്ച പദ്ധതി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ കയറംപാറയില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ സ്ഥാപനമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യക്ഷമമാകാതെ കിടക്കുന്നത്.
കേരള വാട്ടര്‍ അതോറിറ്റിക്ക് പൈപ്പുകളും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മിക്കുന്ന സില്‍ക്കിന് ആധുനികവത്കരണത്തിന്റെ ഭാഗമായി 2010 ലാണ് 2.80 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്കായുള്ള അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഉരുക്കുന്നതിനുള്ള ഇന്‍ഡക്ഷന്‍ ഫര്‍ണസ്, സാന്‍ഡ് പ്ലാന്റ്, മോള്‍ഡിങ് യന്ത്രം, പാറ്റേണ്‍ മെഷീന് ഷോപ്പുകളുടെ നിര്‍മാണം എന്നിവയാണ് നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഇന്‍ഡക്ഷന്‍ ഫര്‍ണസ്, സാന്‍ഡ് പ്ലാന്റ്, മോള്‍ഡിങ് യന്ത്രം എന്നിവയുടെ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ത്തിയായത്. ഇന്‍ഡക്ഷന്‍ ഫര്‍ണസിന്റെ പ്രവര്‍ത്തനം പലപ്പോഴും തകരാറിലാകുന്നു.
പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര ഷീറ്റ് ഉപയോഗിച്ച് പാകുകയും ക്രെയിന്‍ സംവിധാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സാന്‍ഡ് പ്ലാന്റ്, മോള്‍ഡിങ് യന്ത്രം എന്നിവ ഇതുവരെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ജല അതോറിറ്റിക്ക് ആവശ്യമായ പൈപ്പുകളും മറ്റും നിര്‍മിക്കുന്നതിനുള്ള പാറ്റേണുകളും യന്ത്രങ്ങളും സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിഞ്ഞുവീഴാറായ സ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."