തെരുവ്‌നായ്ക്കളുടെ താവളമായി പുത്തന്‍ചിറയിലെ പൈതൃക സ്മാരകങ്ങള്‍
പുത്തന്‍ചിറ: ചരിത്രമുറങ്ങുന്ന കരിങ്ങാച്ചിറയില്‍ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പൈതൃക സ്മാരകങ്ങള്‍ തെരുവ് നായ്കളുടെ താവളമായിരിക്കുകയാണ്. സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നാശോന്‍മുഖമായികൊണ്ടിരിക്കുന്ന തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ശേഷിപ്പുകളായ പൊലിസ് സ്റ്റേഷനും ജയിലുമാണ് തെരുവ്‌നായ്ക്കളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്. പുരാവസ്തു വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാലങ്ങളായി തുടരുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത് .
പുത്തന്‍ചിറ ,മാള റോഡിനരികില്‍ സ്ഥിതിചെയ്യുന്ന ഈ പൈതൃക സ്മാരകങ്ങള്‍ തെരുവ്‌നായ്ക്കളുടെ താവളമായതോടെ രാപകല്‍ വ്യത്യാസമില്ലാതെ ഇതു വഴിയുള്ള യാത്ര അപായകരമായിതീര്‍ന്നിരിക്കയാണ്.
നായകളുടെ സൈ്വര വിഹാരം കാരണം സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇത് വഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. രാജഭരണകാലത്ത് തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും അതിര്‍ത്തി പ്രദേശമായിരുന്ന പുത്തന്‍ചിറയില്‍ കള്ളന്‍മാരുടെയും കള്ളകടത്ത്കാരുടേയും ശല്യം രൂക്ഷമായിരുന്നു . അതിനാലാണ് ഇവിടെ പൊലിസ് സ്റ്റേഷനും ജയിലും സ്ഥാപിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത് . അന്ന് ഇന്നാട്ടുകാരുടെ സുരക്ഷക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനങ്ങള്‍ ഇന്ന് ഈ പ്രദേശത്തുകാരെ ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്.
നൂറ്റാണ്ടുകളുടെ കഥപറയുന്ന ഈ പൈതൃക സ്മാരകങ്ങളുടെ കഴുക്കോലും പട്ടികയുമെല്ലാം ചിതലരിച്ച് ഒടിഞ്ഞ് വീണ അവസ്ഥയിലാണ്.ഓടുകളെല്ലാം ഇളകിവീണ് കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലായിരിക്കുകയാണ്. തെരുവ് നായ്കളുടെ താവളമായി മാറിയിരിക്കുന്ന നാശോന്‍മുഖമായ ഈ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വായനശാലപോലെയുള്ള ഒരു സ്മാരക മന്ദിരം നിര്‍മിക്കാനെങ്കിലും അധികൃതര്‍ തയ്യാറാകണമെന്നാണ് പൈതൃക സ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. അത് വഴി തെരുവ് നായ ഭീഷണി ഇല്ലാതാക്കാനും പുത്തന്‍ചിറയിലെ പൈതൃക സ്മാരകങ്ങളുടെ ഓര്‍മ്മ നിലനിത്താനും സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."