പാലാ കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ സജീവം
പാലാ: പാലാ കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പെരുകുന്നു. നിരവധി ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടമായത്.
മികച്ച ജോലിയും ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്താണ് ഇക്കൂട്ടര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. വിദേശത്ത് ജോലിക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും ഏജന്‍സികളുടെയും അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.കോട്ടയം ജില്ലക്ക് പുറമെയുള്ള ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണു കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്. പാലായില്‍ ജോസഫ് ആര്‍ക്കേഡ്, കൊട്ടാരമറ്റം പുത്തേട്ട് ആര്‍ക്കേഡ്, കൊട്ടാരമറ്റത്തെ സാന്തോം കോംപ്ലക്സ്, ന്യൂ മുനിസിപ്പല്‍ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ഓഫിസുകള്‍ തുറന്ന് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ ഓഫിസിലും പൊലിസ് സ്റ്റേഷനിലും എത്തിയപ്പോള്‍ അവര്‍ക്ക് പണം തിരികെ നല്കി പ്രശ്നം പരിഹരിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ നിരവധി പേര് ഇവര്‍ക്കു പണം നല്‍കിയിട്ട് ജോലി ശരിയാകാതെ ബോംബെയില്‍ കുടുങ്ങി കിടക്കുകയാണ്. ഇനിയും നിരവധി ആളുകളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്.
ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പാലാ ലോക്കല്‍ സെക്രട്ടറി സിബി ജോസഫ് പാലാ പൊലിസ് സി.ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയാകുന്നതിനു മുമ്പുതന്നെ ആവശ്യമായ അന്വേഷണം നടത്തണമെന്നു സി.പി.ഐ പാലാ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."