ഒരു സെക്കന്റ് നോക്കിയാലും കേസെടുക്കാമെന്ന് സിങ് !
കോവളം: ദുരുദ്ദേശത്തോടെ പെണ്‍കുട്ടികളെ ഒരു സെക്കന്റ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.
വെങ്ങാനൂര്‍ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവത്തിന്റെയും ലഹരി രഹിത കാമ്പസ് പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം കുട്ടികളുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ടീച്ചറെ നോക്കുന്നതും ഈ വകുപ്പില്‍ പെടുമോ എന്ന ചോദ്യത്തിന് ടീച്ചര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസ് എടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരു വാഗ്വാദത്തിനു താന്‍ ഇല്ലെന്ന് പറഞ്ഞ ഋഷിരാജ് സിങ് വീട്ടിലെ മുതിര്‍ന്നആരോടെങ്കിലും ചോദിച്ചാല്‍ ദുരുദ്ദേശത്തോടെയുള്ള നോട്ടം എന്തെന്ന് പറഞ്ഞു തരുമെന്നും
ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സ്‌കൂളിനകത്തെ മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കുട്ടികളും അധ്യാപകരും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം എവിടെയെങ്കിലും ലഹരി മരുന്ന് മാഫിയയുടെ സാനിധ്യം ശ്രദ്ധയില്‍ പെട്ടാല്‍ ധൈര്യമായി തന്നെ അറിയിക്കണമെന്നും കുട്ടികളോട് പറഞ്ഞു. സ്ഥലത്തെ ലഹരിമരുന്ന് സംഘങ്ങളെ കുറിച്ച് പ്രിന്‍സിപ്പാള്‍ അറിയിച്ചതനുസരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരോട് സ്ഥലത്ത് പെട്രോളിങ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയാണ് എക്‌സൈസ് കമ്മിഷണര്‍ മടങ്ങിയത്.
പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ സന്തോഷ് രാജ്, എച്ച്.എം ശ്രീകല, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."