ഡി.സി.സി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും: സുധീരന്‍
ന്യൂഡല്‍ഹി: ഡി.സി.സി അധ്യക്ഷന്മാരുടെ പുന:സംഘടന പ്രക്രിയ അടുത്തമാസം ആദ്യവാരം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളില്‍ പലരും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദേശീയ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ വൈകാതെ നല്‍കും. എത്രയുംവേഗത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പുന:സംഘടന പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് ഏറ്റെടുത്ത സമരങ്ങളും സര്‍ക്കാരിനെതിരായ മറ്റ് മുന്നേറ്റങ്ങളും കാരണമായി അല്‍പ്പം സാവകാശം വേണ്ടി വന്നു എന്നത് ശരിയാണ്. ആരും ഈ പ്രക്രിയിയില്‍ നിന്നും മാറിനില്‍ക്കുന്നില്ല. സര്‍ക്കാരിനെതിരേ സമരം വന്ന സന്ദര്‍ഭത്തില്‍ എല്ലാവരുടേയും ശ്രദ്ധ അതിലായിരുന്നു. അതുകൊണ്ട് പുന:സംഘടന സംബന്ധിച്ച പൂര്‍ണതോതിലുള്ള ചര്‍ച്ച നടത്തി മുന്നോട്ടുപോകാന്‍ സാധിച്ചില്ല.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും അക്രമരാഷ്ട്രീയത്തിനെതിരേ സമാധാനമാഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കോണ്‍ഗ്രസ് ജനകീയ സമ്മര്‍ദം ശക്തമാക്കും. ഇതിന്റെ ഭാഗമായി ഈ മാസം 31ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും അക്രമങ്ങള്‍ക്കുമെതിരേ സംസ്ഥാന വ്യാപകമായി പരിപാടികള്‍ നടത്തും. രാവിലെ തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തില്‍ തന്നെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം തലത്തില്‍ പദയാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് കൃത്യമായും അന്വേഷിക്കേണ്ടതാണ്. മുഖ്യമന്ത്രി അറിയാതെ ഇതൊക്കെ നടന്നു എന്ന് ആരും വിശ്വസിക്കില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്ന വിശദീകരണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ജനകീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇ.പി ജയരാജന് രാജിവയ്‌ക്കേണ്ടിവന്നത്. അതോടെ ഈ പ്രശ്‌നം തീരുന്നില്ലെന്നും ആരോപണം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."