സ്ഫോടനക്കേസില്‍ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസ്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡിന് എത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്ത് ബംഗാള്‍ സര്‍ക്കാര്‍.
2022 ഡിസംബര്‍ മൂന്നിന് നടന്ന സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജന, ബാലൈ മൈതി എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശനിയാഴ്ച എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജനയുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈസ്റ്റ് മിഡ്നാപുരില്‍ താമസിക്കുന്ന നേതാക്കളുടെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്ക്കടന്നുവെന്നും സ്ത്രീകളെ ഉപദ്രവിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ലൈംഗികാതിക്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്.
ശനിയാഴ്ച സ്ഫോടനക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എന്‍.ഐ.എ. സംഘത്തിനും വാഹനത്തിനും നേര്‍ക്ക് ഭൂപതിനഗറില്വെച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."