നിസാമിന്റെ സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചു
തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ നിസാമിനെതിരായ പരാതി പിന്‍വലിക്കുന്നതിനായി റൂറല്‍ എസ്.പി നിശാന്തിനിക്ക് കത്ത് നല്കി. പെട്ടെന്നുണ്ടായ പ്രകോപനമാണ് പരാതിക്ക് കാരണമെന്നും കുടുംബവുമായി ആലോചിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്നും കത്തില്‍ പറയുന്നു.
കുടുംബബിസിനസുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയത്. ഫോണിലൂടെ ശകാരിക്കുന്നതിനിടെ വധഭീഷണി നിസാം മുഴക്കിയെന്നായിരുന്നു പരാതി. ബംഗലൂരൂ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിസാം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.
എന്നാല്‍, സഹോദരങ്ങള്‍ നല്കിയ പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ അന്തിക്കാട് പൊലിസിനെ എസ്.പി ചുമതലപ്പെടുത്തിയിരുന്നു. തുടര്‍നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരാതി പിന്‍വലിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ തുടര്‍നടപടികളുമായി പൊലിസ് മുന്നോട്ടുപോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."