ആഗോള താപനം തടയാന്‍ കിഗാലി ഉടമ്പടി
ലോകത്താകമാനം വന്‍ വിപത്തായി ഉയര്‍ന്നു വരുന്ന ആഗോളതാപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നേരത്തെ ഒപ്പുവച്ച പാരിസ് ഉടമ്പടിയുടെ തുടര്‍ച്ചയായാണ് കിഗാലിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആഗോള താപന സമ്മേളനം നടന്നത്. ലോകത്തിന്റെ നില നില്‍പ്പ് തന്നെ തകിടം മറിക്കുന്ന താപനം കുറക്കാനുള്ള വഴികള്‍ തേടിയാണ് ലോക രാജ്യങ്ങള്‍ ഇവിടെ സമ്മേളിച്ചത്. ഇടയ്ക്കിടെ കൂടുന്ന സമ്മേളനം എന്നതിലുപരി ഇത് കൊണ്ട് പ്രയോജനവും ലഭിക്കുന്നുണ്ടോയെന്നത് നമുക്ക് കണക്കുകള്‍ ബോധ്യപ്പെടുത്തി തരും. നേരത്തെ പാരീസ് ഉടമ്പടിയില്‍ 2020ഓടെ ആഗോള താപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആയി കുറക്കണമെന്നതാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആഗോള താപന നിരക്ക് വര്‍ധിച്ചതല്ലാതെ ലോക പരിസ്ഥിതിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് പിറകെയാണ് ഇപ്പോള്‍ കിഗാലിയില്‍ പുതിയ തീരുമാനവുമായി ലോക രാജ്യങ്ങള്‍ പരസ്പരം ഒപ്പു വെച്ചത്.
റുവാണ്ടയിലെ കിഗാലിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹരിതഗൃഹവാതകങ്ങളുടെ തോത് ഗണ്യമായി കുറക്കാന്‍ രാജ്യങ്ങള്‍ ധാരണയിലെത്തിയത്. ഇരുനൂറോളം രാജ്യങ്ങളാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം പാലിക്കാന്‍ കഴിഞ്ഞാല്‍ ആഗോളതാപനം ഗണ്യമായി കുറക്കാനാകുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വിലയിരുത്തല്‍. എന്നാല്‍ ഏതൊക്കെ രാജ്യങ്ങള്‍ക്ക് തീരുമാനം നടപ്പിലാക്കാന്‍ കഴിയുമെന്നു നാം കണ്ടറിയേണ്ടിയിരിക്കുന്നു. യഥാവിധി മനസിലാക്കാന്‍ നിലവില്‍ കൃത്യമായ സംവിധാനം ഇല്ലെന്നുമുള്ളതാണ് ഏറ്റവും വലിയ വസ്തുതകള്‍.
ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ ധാരണയിലെത്തിയ 200 ഓളം രാജ്യങ്ങളാണ് ഹരിത വാതക തോത് കുറക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. ഓരോ രാജ്യങ്ങളും നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തങ്ങളുടെ രാജ്യത്തെ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്നത് ഘട്ടമായി കുറച്ചു പ്രകൃതി ചൂട് സന്തുലിതാവസ്ഥ കൈകൊള്ളണമെന്നാണ് ഇവിടെ ഒപ്പു വെച്ച കരാര്‍ വ്യവസ്ഥകള്‍. വിവിധ രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ കരാര്‍ ഭൂമിയെ സംരക്ഷിക്കുന്നതില്‍ ഐക്യത്തിന്റെ വേറിട്ട സഹകരണ ചരിത്രമാണിതെന്നും പാരിസ് ഉടമ്പടിക്കു ശേഷം നിലവില്‍ വന്ന നാഴികക്കല്ലായ ഉടമ്പടിയാണെന്നുമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം.
ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയും ഇന്ത്യയും ഇതില്‍ വളരെ ചരിത്രപരമായ നീക്കമാണ് നടത്തേണ്ടതെന്നാണ് വിലയിരുത്തല്‍. പൊതുവായി വീടുകളിലെ റഫ്രിജറേറ്റുകളുടെ ഉപയോഗം മൂലം പുറന്തള്ളപ്പെടുന്ന (ഹൈഡ്രോ ഫ്‌ളൂറോ കാര്‍ബണ്‍) എച്ച്.എഫ്.സി എന്ന വാതകത്തിന്റെ പുറം തള്ളല്‍ 85 ശതമാനം കുറവ് വരുത്താനാണ് തീരുമാനം. അത് പോലെ തന്നെ യൂറോപ്പിലെ മറ്റു രാജ്യങ്ങളും 2045 ഓടെ തന്നെ ഇതേ ശതമാനത്തില്‍ കുറവ് വരുത്തും.
അതെ സമയം, സാമ്പത്തികമായി മുന്നോട്ടു നില്‍ക്കുന്ന അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും 2019 മുതല്‍ വാതകം പുറംതള്ളുന്നത് 10 ശതമാനം കുറക്കണമെന്നാണ് ധാരണ. ചൈന കൂടാതെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ 2024 ഓടെയും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നും 2028ഓടെയും വാതകങ്ങളുടെ തോത് കുറക്കാനുള്ള നടപടികള്‍ തുടങ്ങണമെന്നുമാണ് വ്യവസ്ഥകള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ വാതകം പുറന്തള്ളുന്ന ചൈന ഇതിനകം തന്നെ അവര്‍ക്ക് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ വാതകം പുറന്തള്ളുന്നത് കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം തങ്ങള്‍ക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
സൂര്യന്റെ അപകടകരമായ രശ്മികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന പ്രകൃതി കനിഞ്ഞരുളി നല്‍കിയ ഓസോണ്‍ പാളികള്‍ക്ക് ഇത്തരം വാതകം ഭീഷണി സൃഷ്ടിക്കുന്നതാണ് കണ്ടത്തിയതിനെ തുടര്‍ന്നാണ് 1980 ഓടെ ഇതിനൊരു പരിഹാരം കാണുന്നതിനായി ലോക രാജ്യങ്ങള്‍ ഒരുമിച്ചിരുന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളായ 197 രാജ്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു ഇതിന്റെ വ്യാപനം തടയാനായി ചരിത്ര കരാറില്‍ ഒപ്പുവെച്ചത് 1987 ലാണ്. ഇതിന്റെ ഫലമെന്നോണം നേരത്തെ കണ്ടെത്തിയ ഓസോണ്‍ പാളിയിലെ രണ്ടു സുഷിരങ്ങള്‍ ക്രമേണ ചെറുതാവുന്നതായും പിന്നീട് ശാസ്ത്രം സാക്ഷ്യപ്പെടുത്തിയിരുന്നു. വീടുകളിലെ റഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷനുകളില്‍ നിന്നും പുറന്തള്ളുന്ന ഇത്തരം ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകത്തിന്റെ ജിഗാ ടണ്‍ കണക്കിന് സമാനമാണെന്നാണ് നിലവിലെ കണക്കുകള്‍. അതായത് അതി വിപത്തുകള്‍ സൃഷ്ടിക്കുന്ന 300 കല്‍ക്കരി പ്ലാന്റുകള്‍ വര്‍ഷത്തില്‍ പുറം തള്ളുന്ന വിഷവാതകത്തിനു സമാനമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്കുകള്‍.
അമേരിക്കയിലെ പരീക്ഷണ വിദഗ്ധന്‍ ലോറന്‍സ് ബാര്‍ക്കലിയുടെ നിരീക്ഷണ പഠന പ്രകാരം 700 മില്യണ്‍ എയര്‍ കണ്ടീഷനുകളിലും ഹൈഡ്രോ ഫ്‌ളൂറോ കാര്‍ബന്‍സ് വാതകമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ലോക രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ പ്രകൃതിയുടെ അന്തരീക്ഷ മാറ്റത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താനും വേണ്ട രീതിയിലുള്ള മുന്‍ കരുതല്‍ എടുക്കാനും തയ്യാറാവാത്തത് ആശ്ചര്യ ജനകമാണെന്നു ലണ്ടനിലെ പ്രമുഖ ത്വക്ക് രോഗ പഠന സ്ഥാപനത്തിലെ ക്യാന്‍സര്‍ പഠന അധ്യാപകനായ ഡോക്ടര്‍ റോബിന്‍ റുസ്സല്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു. ലോകത്തിന്റെ നിലനില്‍പിനെ കാര്യമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ലോക രാജ്യങ്ങള്‍ കൂട്ടായി എടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തി വരും തലമുറക്കും ഉതകുന്ന രീതിയില്‍ ഇന്ന് കാണുന്ന രീതിയില്‍ ഭൂമി നില നില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."