നഗരസഭ സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന് താലൂക്ക് ആശുപത്രി മാനേജ്മെന്റ്
കൊടുങ്ങല്ലൂര്‍: താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷിനെ പരസ്യമായി ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്ത നഗരസഭ സെക്രട്ടറിക്കെതിരെ കര്‍ശന നടപടി വേണമെന്ന് താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച നഗരസഭയില്‍ ചെയര്മാന് വിളിച്ച് ചേര്‍ത്ത യോഗത്തിനെത്തിയ സൂപ്രണ്ടിനെ ജനപ്രതിനിധികളുടെയും മറ്റും മുന്നില്‍ വെച്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുകയും, ആക്ഷേപിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. താലൂക്ക് ആശുപത്രിയില്‍ തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം 1998 ന് മുമ്പുള്ള ജന രജിസ്ട്രര്‍ നശിച്ച് പോയത് ഹാജരാക്കണമെന്നും, ഇല്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നും മറ്റും പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി.
സംഭവത്തില്‍ സൂപ്രണ്ട് പൊലിസിലും, നഗരസഭ ചെയര്‍മാനും പരാതി നല്‍കിയിരുന്നു. സംഭവം നഗരത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്മാന് സി.സി വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി. വൈസ് ചെയര്മാന് ഷീല രാജ്കമല്, സ്ഥിരം സമിതി ചെയര്മാന്മാരായ സി.കെ രാമനാഥന്, തങ്കമണി സുബ്രഹ്മണ്യന്, കൗണ്‍സിലര്‍മാരായ ബിന്ദു പ്രദീപ്, ലത ഉണ്ണികൃഷ്ണന്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത്ലാല്‍, കെ.ആര് വിദ്യാസാഗര്‍, യൂസഫ് പടിയത്ത്, ഡോ. ടി.വി റോഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."