ശരീഅത്ത് സംരക്ഷണ റാലി സംഘടിപ്പിക്കും: സമസ്ത
ഗൂഡല്ലൂര്‍: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ നവംബര്‍ രണ്ടാം വാരം ഗൂഡല്ലൂരില്‍ ശരീഅത്ത് സംരക്ഷണ റാലി നടത്താന്‍ സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് ഗൂഡല്ലൂര്‍ ജാനകി അമ്മാള്‍ ഓഡിറ്റോറിയത്തില്‍ റാലി പ്രഖ്യാപന ബഹുജനസംഗമം നടത്തും. റഹ്മതുല്ലാ ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഏക സിവില്‍ കോഡിനെതിരെ ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് നല്‍കും. മഹല്ല് തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും ലഘുലേഖ വിതരണവും നടത്തും. ഇന്ത്യന്‍ പൗരന്മാര്ക്ക് ഭരണഘടന അനുവദിച്ച മൗലിക അവകാശങ്ങളോടുള്ള നിഷേധമാണ് ഏക സിവില്‍കോഡെന്നും അതു സംബന്ധമായി ഗവണ്മെന്റ് പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സെക്രട്ടറി പി.കെ.എം ബാഖവി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എന്‍ ഉമര്‍ ഫൈസി, സെക്രട്ടറി എ.എം ശരീഫ് ദാരിമി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എം.സി സൈതലവി മുസ്ലിയ്യാര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന് മൗലവി, പി.കെ ഉസ്മാന് ദാരിമി, കെ.കെ സൈതലവി റഹ്മാനി, ഹനീഫ ദാരിമി, ഗഫൂര്‍ റഹ്മാനി, ഫദ്ല് ദാരിമി, ഹനീഫ ഫൈസി, ശമീര്‍ ലതീഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."