ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കൃഷിക്ക് ഭീഷണിയായി വന്യ മൃഗശല്യം തുടരുന്നു
കഞ്ചിക്കോട്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലാകെ വന്യജീവികള്‍ കൃഷിഭൂമിയെ ആക്രമിച്ച് നാമാവശേഷമാക്കുന്നത് വ്യാപകമാവുന്നു. പാലക്കാട് നഗരത്തില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുളള കൊട്ടേക്കാടില്‍ ഇപ്പോഴും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ പാര്‍ക്കുന്ന സ്ഥലമാണ്. കൊട്ടേക്കാടിനടുത്ത ആറങ്ങോട്ടുപറമ്പില്‍ കൃഷിഭൂമിയും വനഭൂമിയും കൈകോര്‍ക്കുന്നു. ഇവിടെ റെയില്‍പാതക്കുമപ്പുറം പന്നിമടയിലൂടെ കടന്നുവരുന്ന കാട്ടാനകള്‍ കൃഷിക്ക് വരുത്തുന്ന നാശം ചില്ലറയല്ല.
നൂറു കണക്കിന് ഏക്കറിലെ വാഴ, നെല്ല്, തെങ്ങ്, കവുങ്ങ് ഒക്കെ ആന പിഴുതെറിയുന്നു. കഴിഞ്ഞ ആറു വര്‍ഷമായാണ് ഇവിടെ ആനയുടെ ആക്രമണം കൂടിയതെന്ന് ആറങ്ങോട്ടുപറമ്പിലെ കര്‍ഷകനായ മാണിച്ചന്‍ പറയുന്നു. പടക്കം പൊട്ടിച്ചും വേലി കെട്ടിയും ആനയെ അകറ്റാനുള്ള ശ്രമം നടത്തുന്നു. കാടുകള്‍ വെട്ടിക്കളഞ്ഞാല്‍ ആനയെ ദൂരെനിന്ന് കാണാമെന്നും ഇവയെ അകറ്റാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറഞ്ഞതിനോട് വനംവകുപ്പിന്റെ വനം സംരക്ഷണനിയമങ്ങള്‍ ഒത്തുപോകുന്നില്ല. മയക്കുവെടി വച്ച് ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ കൊണ്ടുവിടുകയെന്ന നിര്‍ദേശവും വനംവകുപ്പിന് സ്വീകാര്യമല്ല. കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് മേഖലയില്‍ ഏറ്റെടുത്ത 250 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നതും ആനയ്ക്ക് പുതിയ താവളമാവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷിയിടങ്ങളിലെയും പാര്‍പ്പിട സ്ഥാനങ്ങളിലെയും വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. എം.ബി.രാജേഷ് എം.പി വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ വാളയാര്‍ മുതല്‍ മണ്ണാര്‍ക്കാട് മേഖല വരെ 79 കിലോമീറ്റര്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൃഷിയിടങ്ങളില്‍ നടത്തുന്ന ശല്യത്തിന് പുറമെ റെയില്‍പാതകളിലും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ആനകള്‍. കഴിഞ്ഞമാസം വാളയാറിനപ്പുറം എട്ടിമടയ്ക്കടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാന ട്രെയിനിടിച്ച് ചെരിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി ആനകള്‍ ഈ മേഖലയില്‍ ട്രെയിനിടിച്ച് ചെരിഞ്ഞു. ഇത് നേരിടാന്‍ കോയമ്പത്തൂരിനടുത്ത മധുക്കര മുതല്‍ വാളയാര്‍വരെ പദ്ധതി ആസൂത്രണം ചെയ്തു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."