വിഴിഞ്ഞത്ത് 9കാരി ഉള്‍പ്പെടെ 4 പേര്‍ക്കു കടിയേറ്റു
വിഴിഞ്ഞം: പുല്ലുവിള-കാഞ്ഞിരംകുളം തീരമേഖലയെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും തെരുവ് നായകളുടെ ആക്രമണം. ഒന്‍പത് വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ ഇന്നലെ പട്ടികളുടെ കടിക്കിരയായി.
കരിംകുളം തെക്കെക്കര വിട്ടില്‍ പ്രീതി (9), കാഞ്ഞിരംകുളം സ്വദേശികളായ ഹര്‍ഷന്‍ (11), സെലസ്റ്റി (60), രാജുദാസ് (29 ) എന്നിവര്‍ക്കാണ് ഇന്നലെ കടിയേറ്റത്. ഇവര്‍ പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം ഒരാഴ്ചക്കിടയില്‍ പതിനഞ്ചോളം പേര്‍ നായ്ക്കളുടെ ആക്രമണത്തിനിരയായി. ഒരാഴ്ചയായി തുടരുന്ന തെരുവ് നായകളുടെ ആക്രമണത്തില്‍ കൊച്ചുപള്ളി സ്വദേശികളായ രാജമ്മ (57), വര്‍ഗ്ഗീസ് (43), പള്ളം പുരയിടത്തില്‍ നെല്‍സണ്‍ (55), പുല്ലുവിള സ്വദേശി ഹഡ്‌സണ്‍ (40), അജു (39) ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്.
കടിയേറ്റ പലരും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ വിമുഖത കാണിക്കുന്നതായി നാട്ടുകാര്‍പറയുന്നു. പുല്ലുവിള ചെമ്പകരാമന്‍ തുറ സ്വദേശിനി ശിലുവമ്മയെ കടിച്ച് കൊന്നതിനെ തുടര്‍ന്ന് പട്ടി പിടിത്തക്കാര്‍ എത്തിയതോടെ കൊലയാളി നായ്ക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഇത് മറ്റു സ്ഥലങ്ങളിലുള്ളവര്‍ക്കും വിനയായി.ശിലുവമ്മയുടെ മരണവും മറ്റ് നിരവധിപേര്‍ക്കേറ്റ ആക്രമണവും കണക്കിലെടുത്ത് തീരദേശപഞ്ചായത്തുകളില്‍ നിന്ന് തെരുവ് നായ്ക്കളെ ഒഴിവാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഫലം കണ്ടില്ല. ആലപ്പുഴയില്‍ നിന്നെത്തിയ പട്ടിപിടിത്തക്കാര്‍ രണ്ട് ദിവസത്തെ പരിശ്രമത്തില്‍ തുരത്തിയ നായ്ക്കള്‍ വീണ്ടും രംഗപ്രവേശം ചെയ്തതതോടെ ജനങ്ങളുടെ സൈ്വര്യജീവിതം താറുമാറായ അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."