കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം; സെമിനാറുകള്‍ക്ക് ഇന്ന് തുടക്കമാകും
മൂവാറ്റുപുഴ: നവംബര്‍ എട്ട് മുതല്‍ 11വരെ മൂവാറ്റുപുഴയില്‍ നടക്കുന്ന 21മത് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളിയൂണിയന്‍(കെ.എസ്.കെ.ടി.യു)സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 11ന് വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വേണം നമുക്കൊരു സ്ത്രീപക്ഷ കേരളം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ.പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്യും.
അഡ്വ.ടി.വി അനിത മുഖ്യാഥിതിയായിരിക്കും. നാളെ കുറുപ്പുംപടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. സംസ്കാരം, ദേശീയത, ഫാസിസം എന്ന വിഷയത്തില്‍ കോതമംഗലത്ത് നടക്കുന്ന സെമിനാര്‍ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച അങ്കമാലിയില്‍ നടക്കുന്ന നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പി രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പിറവത്തും കോലഞ്ചേരിയിലും മൂവാറ്റുപുഴയിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന പതാക ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.കെ.ടി.യു യൂനിറ്റ് കേന്ദ്രങ്ങളിലും മൂവാറ്റുപുഴ ഏരിയ സ്വാഗതസംഘം കെ.എസ്.കെ.ടി.യു അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും അടക്കം എറണാകുളം ജില്ലയിലെ 15000ത്തോളം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ആര് മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."