ഇംഗ്ലിഷ് മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം
തിരുവനന്തപുരം: സ്‌കൂളുകളിലെ ഇംഗ്ലിഷ് പഠനനിലവാരം ഉയര്‍ത്താനായി അധ്യാപകര്‍ക്ക് പരിശീലന പദ്ധതിയൊരുക്കുന്നു. സര്‍വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) കീഴിലാണ് ഹലോ ഇംഗ്ലിഷ് എന്ന പദ്ധതി നടപ്പാക്കുന്നത്. ലോവര്‍ പ്രൈമറി ക്ലാസുകളിലെ 18,000 അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.
പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസെടുക്കാന്‍ അധ്യാപകരെ സജ്ജരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പാഠഭാഗങ്ങളില്‍ മാത്രം ഒതുങ്ങുന്നരീതിയില്‍ നിന്ന് മാറി രസകരമായ രീതിയില്‍ ഇംഗ്ലിഷ് കൈകാര്യം ചെയ്യാനുള്ള വഴികളാണ് തേടുന്നത്. പഠിക്കേണ്ട പുസ്തകങ്ങള്‍ക്ക് പുറമേ ഇംഗ്ലിഷ് ചെറുകഥകള്‍, ഇംഗ്ലിഷിലുള്ള മറ്റു പുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ക്ലാസില്‍ പത്രങ്ങള്‍ കുട്ടികള്‍ സ്വയം തയാറാക്കുക, ഡയറി എഴുതുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും അധ്യാപകര്‍ക്ക് നല്‍കുന്നുണ്ട്.
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് പഠിപ്പിക്കുന്നതിന് പകരം അവരില്‍ പാഠഭാഗത്തോട് താല്‍പ്പര്യം വളര്‍ത്തി പഠിപ്പിക്കുകയാകണം അധ്യാപകര്‍ ചെയ്യേണ്ടത് എന്നതാണ് എസ്.എസ്.എ മുന്നോട്ട് വയ്ക്കുന്നത്.
മൂന്ന് മാസത്തോളം പഠനം നടത്തി 20 സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍,അധ്യാപകര്‍,രക്ഷിതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാണ് പദ്ധതി തയാറാക്കിയത്.
ഹലോ ഇംഗ്ലിഷ് ഒരു ദീര്‍ഘകാല പദ്ധതിയാണ്. ആദ്യഘട്ടത്തില്‍ 200 പരിശീലകര്‍ക്ക് പദ്ധതിയെക്കുറിച്ച് അവബോധം നല്‍കും. തുടര്‍ന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചു ദിവസത്തെ പരിശീലന പരിപാടി. ഒരു സ്‌കൂളില്‍ നിന്ന് രണ്ട് അധ്യാപകര്‍ എന്ന ക്രമത്തിലാകും പരിശീലനം. തുടര്‍ന്ന് ഇംഗ്ലിഷ് ക്ലസ്റ്റര്‍ മീറ്റിംഗുകളില്‍ അധ്യാപകര്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാം. ഓണ്‍ലൈന്‍ വഴി പരിശീലന പദ്ധതി തുടരും.
താല്‍പ്പര്യമുള്ള അധ്യാപകര്‍ക്കായി മധ്യവേനലവധിക്കാലത്ത് ദീര്‍ഘകാല പരിശീലന പദ്ധതിയും ഒരുക്കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ അപ്പര്‍ പ്രൈമറി തലത്തിലേയ്ക്കും പദ്ധതി വ്യാപിപ്പിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."