ചരിത്രമെഴുതാന്‍ ഹിലരി, പാരമ്പര്യമില്ലാതെ ട്രംപ്
വാഷിങ്ടണ്‍: ഹിലരി ജയിച്ചാല്‍ അമേരിക്കന്‍ ജനത പുതിയൊരു ചരിത്രത്തിന് സാക്ഷിയാവും. 227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ ലീഡ് നിലനിര്‍ത്തിയ ഹിലരി തന്നെയാണ് അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും മുന്നില്‍. ന്യൂയോര്‍ക്ക് സെനറ്ററാണ് ഹിലരി.
2008ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമയോട് പരാജയപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ആ അനുഭവസമ്പത്തുമായാണ് ട്രംപിനെ നേരിടുന്നത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയെന്ന ആനുകൂല്യവും ഹിലരിക്ക് കരുത്താണ്.
തുടക്കത്തില്‍ അമേരിക്കന്‍ ജനത ഹിലരിക്ക് വലിയ പ്രാമുഖ്യം നല്‍കിയിരുന്നില്ല. എന്നാല്‍ പടിപടിയായി അവര്‍ ജനപിന്തുണ നേടിയെടുക്കുകയായിരുന്നു. ഒബാമയുടെ നയങ്ങള്‍ പിന്തുടരുന്ന ഹിലരിയുടെ മുദ്രാവാക്യം ഒരുമിച്ച് കൂടുതല്‍ ശക്തിയോടെ എന്നാണ്. ഇ-മെയില്‍ വിവാദത്തില്‍ എഫ്.ബി.ഐയുടെ ക്ലീന്‍ചിറ്റ് കൂടി ലഭിച്ചതോടെ അവര്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.
ജയസാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദ്യ വനിതയാണ് ഹിലരി. 1947 ഒക്ടോബറില്‍ ചിക്കാഗോയിലാണ് ഹിലരിയുടെ ജനനം.
രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ ബിസിനസുള്ള വ്യവസായി. 45,000 കോടി ഡോളറാണ് ട്രംപിന്റെ ആസ്തി. വിവാദ പ്രസംഗങ്ങളിലൂടെയും കുടിയേറ്റവിരുദ്ധ പ്രസ്താവനകളിലൂടെയും നവയഥാസ്ഥികരുടെ ശ്രദ്ധയാകര്‍ഷിച്ചു. മേക് അമേരിക്ക ഗ്രേറ്റ് എഗന്‍ എന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. എന്നാല്‍, ട്രംപ് ഉയര്‍ത്തിയ വംശീയ പരാമര്‍ശങ്ങളും സ്ത്രീവിരുദ്ധ പ്രസ്താവനകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ തന്നെ ട്രംപില്‍ നിന്നകറ്റി. ഏറ്റവുമൊടുവില്‍ നിരവധി വനിതകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതും തിരിച്ചടിയായി. 1946 ജൂണില്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ട്രംപ് മൂന്നുതവണ വിവാഹിതനായി. 2005ല്‍ വിവാഹം കഴിച്ച മെലാനിയയാണ് ഭാര്യ. ഇവെങ്ക ട്രംപ്, ബാരന്‍ ട്രംപ്, എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരാണ് മക്കള്‍.
വൈറ്റ് ഹൗസിലെത്തേണ്ടത് ട്രംപോ ഹിലരിയോയെന്ന് അമേരിക്കന്‍ ജനത തീരുമാനിക്കുന്നത് നയതന്ത്രവിഷയങ്ങളിലെ നിലപാടുകള്‍ കൂടി പരിഗണിച്ചാവും. ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങളുണ്ടായ കാലമാണ് പോയ പതിറ്റാണ്ട്. ഒബാമയുടെ കിരീടത്തിലെ പൊന്‍തൂവലായി കണക്കാക്കുന്ന ഇറാന്‍ ആണവകരാറില്‍ ട്രംപും ഹിലരിയും വിരുദ്ധചേരികളിലാണ്.
ആസന്നമായ ആണവയുദ്ധത്തെയാണ് കരാര്‍ ഇല്ലാതാക്കിയതെന്ന നിലപാടിലാണ് ഹിലരി. എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാക്ക്. കരാറിലൂടെ ഇറാന് ലഭിച്ച ഫണ്ട് ഭീകരതയുടെ ചാലകശക്തിയാവുമെന്നാണ് ട്രംപിന്റെ വാദം.
ഐഎസിനെ ഘട്ടംഘട്ടമായി തകര്‍ക്കാനുള്ള പദ്ധതി ഹിലരി നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഐഎസിനെതിരെ തനിക്ക് പദ്ധതിയുണ്ടെന്നും അത് വെളിപ്പെടുത്താന്‍ തയാറല്ലെന്നുമാണ് ട്രംപിന്റെ നിലപാട്. അമേരിക്കയില്‍ സ്‌ഫോടനങ്ങള്‍ നിത്യസംഭവമായപ്പോഴും വൈകാരികമായാണ് ട്രംപ് പ്രതികരിച്ചത്.
മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് ഇടംനല്‍കരുതെന്ന നിലപാട് ട്രംപിന് കുടിയേറ്റവിരുദ്ധ പരിവേഷം നല്‍കി. എന്നാല്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നായിരുന്നു ഹിലരിയുടെ വാദം.റഷ്യയുടെ യു.എസ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും ശത്രുതയില്‍ തന്നെയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ വഴക്കാളിയെന്നാണ് പ്രചാരണസമയത്ത് ഹിലരി വിശേഷിപ്പിച്ചത്.
എന്നാല്‍ തികഞ്ഞ നാറ്റോ വിരുദ്ധനായ ട്രംപാവട്ടെ ഒന്നിലധികം തവണ പുടിനെ പ്രശംസിച്ച് സംസാരിച്ചു. ട്രംപിന്റെ നിലപാട് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നാണ് ഹിലരി ക്യാംപ് വാദിക്കുന്നത്.
ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈല്‍ അനുകൂല നിലപാടാണ് ഒബാമക്കും ഹിലരിക്കും. എന്നാല്‍ നിഷ്പക്ഷതയാണ് വേണ്ടതെന്ന ട്രംപിന്റെ അഭിപ്രായം ശ്രദ്ധ നേടിയിരുന്നു. ഉത്തര കൊറിയ തൊടുക്കുന്ന മിസൈലുകള്‍ യു.എസിന് തലവേദന സൃഷ്ടിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. പ്രഖ്യാപിത ശത്രുവായ ഉത്തരകൊറിയയെ ഉപരോധങ്ങളില്‍ തളച്ചിടുകയെന്നതാണ് അമേരിക്ക തുടരുന്ന നയം. പക്ഷേ കിങ് ജോങ് ഉന്നിനെ അതിഥിയായി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും പ്രചാരണത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."