കൈയിലേന്തിയത് മനുഷ്യത്വത്തിന്റെ കൊടി
കണ്ണൂര്‍: സോഷ്യലിസത്തിന്റെ കടുംചുവപ്പില്‍ തുടങ്ങി ആത്മീയതയുടെ ഹരിതാഭതയിലേക്കെത്തിയ നേതാവായിരുന്നു കെ.എം സൂപ്പി. പാനൂര്‍ കര്‍മഭൂമിയാക്കി വളര്‍ന്ന പി.ആര്‍ കുറുപ്പെന്ന സോഷ്യലിസ്റ്റ് നേതാവിനോടൊപ്പം നിഴലുപോലെ കെ.എം സൂപ്പിയെന്ന സന്തതസഹചാരിയുമുണ്ടായിരുന്നു. പാനൂരില്‍ സോഷ്യലിസമെന്നാല്‍ പി.ആറാണ്.
കല്ലേല്‍പിളര്‍ക്കുന്ന ആജ്ഞകളുമായി പി.ആര്‍ പാനൂര്‍ ദേശത്ത് സ്വന്തമായി ഒരു രാഷ്ട്രീയ സാമ്രാജ്യം പടുത്തുയര്‍ത്തിയപ്പോള്‍ അതിന് ജനകീയ ബന്ധത്തിന്റെ ഇഴയടുപ്പമുണ്ടാക്കിയത് കെ.എം സൂപ്പിയാണ്. പി.ആറിലൂടെയാണ് സൂപ്പി സോഷ്യലിസത്തെ അറിഞ്ഞത്. ഇന്ത്യക്ക് സ്വാതന്ത്രംലഭിച്ച കാലത്ത് മാഹി മയ്യാലവിയ്യ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സൂപ്പിയെന്ന ബാലന്‍ മാഹി പൂഴിത്തലയില്‍ നിന്നാണ് പി.ആറിന്റെ പ്രസംഗം കേള്‍ക്കുന്നത്. സഹപാഠികളോടൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സൂപ്പി.
രണ്ടര മണിക്കൂര്‍ നീളുന്ന കൊടുങ്കാറ്റുപോലുള്ള പ്രസംഗം തെങ്ങില്‍ ചാരി നിന്നു ശ്രവിച്ച ആ ബാലന് മഹത്തായ ആശയം പൂര്‍ണമായി മനസിലായില്ലെങ്കിലും മഹാനായ നേതാവിനെ മനസിലായി. പിന്നീട് സോഷ്യലിസ്റ്റ് ആശയത്തിന്റെ കര്‍മഭടനായി സൂപ്പിയും മാറി. സാധാരണക്കാരിലേക്ക് ഇറങ്ങിചെന്നായി പൊതുപ്രവര്‍ത്തനം. പാലക്കൂലില്‍ നടന്ന പൊതുയോഗത്തില്‍ സൂപ്പിയുടെ പ്രസംഗം കേട്ട് പി.ആര്‍ പോലും അത്ഭുതപ്പെട്ടു. ഗുരുവിനെക്കാള്‍ ഒരുമുഴം മുന്‍പെ അതിവേഗം നടക്കുകയായിരുന്നു സൂപ്പി. പി.ആറിന്റെ നേതൃത്വത്തില്‍ പെരിങ്ങളത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ നിഴലുപോലെ സൂപ്പിയും അ നുഗമിച്ചു.
എന്നാല്‍ 1976ല്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിലേക്ക് അദ്ദേഹം ചുവടുമാറി. അഖിലേന്ത്യാ ലീഗും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗും ഒരുമിച്ചപ്പോള്‍ കെ.എം സൂപ്പി നേതൃനിരയില്‍ സജീവമായി. കെ.എം സൂപ്പിയുടെ കടന്നുവരവ് പാനൂരിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കി. ചേരിമാറിയ തങ്ങളിലൊരാള്‍ക്ക് സോഷ്യലിസ്റ്റ് ചേരിയില്‍ നിന്നു രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നു. എന്നാല്‍ തന്റെ ദൃഢനിശ്ചയവും മതേതര നിലപാടും ജനകീയ ബന്ധങ്ങളുമാണ് കെ.എം സൂപ്പിയെ മുന്നോട്ടുനയിച്ചത്. തെരഞ്ഞെടുപ്പില്‍ പി.ആറിനെ നേരിടേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കാണാനുള്ള ജന്റില്‍മാന്‍ സ്പിരിറ്റ് ഇരുകൂട്ടരും പുലര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."