നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒന്നര ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് പ്‌ളാസ്റ്റിക്ക് കവറിലാക്കിയ നിലയില്‍ ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ബസിലിക്ക പള്ളിക്ക് എതിര്‍ വശത്തെ മതിലിനോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ പ്രഭാത സവാരിക്കിറങ്ങിയവര്‍ സംശയം തോന്നി വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു.
ഫോര്‍ട്ട്‌കൊച്ചി എസ്.ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ പൊലിസെത്തി നടത്തിയ പരിശോധനയിലാണ് കവറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസിലായത്. രാത്രിയായാല്‍ ഈ ഭാഗത്ത് ആള്‍ സഞ്ചാരം കുറവായതിനാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരിക്കാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൊലിസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം അനുസരിച്ച് കുഞ്ഞിന് ഒന്നര ദിവസത്തെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.
പോസ്റ്റ് മോര്‍ട്ടം നടത്തിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. ഇതിന് പതിനഞ്ച് മണിക്കൂര്‍ മുന്‍പ് കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിച്ച് മാറ്റിയിട്ടില്ലാത്തതിനാല്‍ ജനിച്ചത് ആശുപത്രിയിലല്ലെന്ന നിഗമനത്തിലാണ് പൊലിസ്.
ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെ പൂര്‍ണ ഗര്‍ഭിണിയായ ആരെങ്കിലും താമസത്തിനെത്തിയോ എന്നത് സംബന്ധിച്ചാണ് പൊലിസ് അന്വേഷിച്ചത്. വല്ല നാടോടി സ്ത്രീകളുടേതാണോയെന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."