ബെലൊ ഹൊറിസോണ്ടയില്‍ നാളെ സൂപ്പര്‍ ക്ലാസിക്കോ
റിയോ ഡി ജനീറോ: കാത്തിരുന്ന സൂപ്പര്‍ ക്ലാസ്സിക്കോ പോരാട്ടത്തിനു നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.15നു കിക്കോഫ്. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയുമായി ബ്രസീല്‍ നാളെ ഏറ്റുമുട്ടും. 2014ലെ ലോകകപ്പില്‍ ജര്‍മനിയോടു 7-1നു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ബെലൊ ഹൊറിസോണ്ടയിലെ അതേ മണ്ണിലാണ് വീണ്ടും പോരിനിറങ്ങുന്നത്.
അന്നത്തെ ടീമല്ല നിലവിലെ സെലക്കാവോ സംഘം. ഇതുവരെ ലഭിക്കാതിരുന്ന ഒളിംപിക് സ്വര്‍ണമടക്കം നേടി മികവില്‍ നില്ക്കുന്ന അവര്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അര്‍ജന്റീനയാകട്ടെ ലോകകപ്പിലെ പങ്കാളിത്തം പോലും ചോദ്യ ചിഹ്നത്തില്‍ നില്ക്കുന്ന അവസ്ഥയിലാണ് പോരിനെത്തുന്നത്.
യോഗ്യതാ പോരിലെ പത്തു മത്സരങ്ങളില്‍ നിന്നു ആറു വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമുള്ള ബ്രസീല്‍ 21 പോയിന്റുമായി ഒന്നാമത് നില്ക്കുന്നു. അര്ജന്റീനയകാട്ടെ ഇത്രയും കളികളില്‍ നിന്നു നാലു വീതം ജയവും സമനിലയും രണ്ടു തോല്‍വിയുമായി 16 പോയിന്റുകളുമായി ആറാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് നേരിട്ടും അഞ്ചാം സ്ഥാനത്തുള്ള ടീമിനു പ്ലേയോഫ് കളിച്ചും ലോകകപ്പിനെത്താം. മൊത്തം അഞ്ചു ടീമുകള്‍ക്കു മാത്രമേ ലാറ്റിനമേരിക്കന്‍ മണ്ണില്‍ നിന്നു ലോകകപ്പിനെത്താന്‍ അവസരമുള്ളു എന്നിരിക്കേ അര്‍ജന്റീനയ്ക്ക് മത്സരം നിര്‍ണായകം.
ബ്രസീല്‍- അര്‍ജന്റീന നേര്‍ക്കുനേര്‍ വരുന്ന ചരിത്രത്തിലെ 103ാം മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്. നായകന് ലയണല്‍ മെസ്സി മികച്ച ഫോമില്‍ നില്ക്കുന്നതും ഒപ്പം അഗ്യെറോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുടെ സാന്നിധ്യവുമാണ് അര്‍ജന്റൈന്‍ നിരയ്ക്ക് ആശ്വാസം നല്‍കുന്നത്. ബ്രസീല്‍ നിരയില്‍ നെയ്മര്‍, വില്ല്യന്, കുട്ടീഞ്ഞോ, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് ശ്രദ്ധേയര്‍. ബ്രസീല്‍ താരം ഡാനിലോയും അര്‍ജന്റീന താരം എറിക് ലമേലയും ടീമിലില്ല.
യോഗ്യതാ പോരാട്ടത്തിലെ മറ്റു മത്സരങ്ങളില്‍ നാളെ കൊളംബിയ- ചിലി, ഉറുഗ്വെ- ഇക്വഡോര്‍, പാരഗ്വെ- പെറു, വെനസ്വല- ബൊളീവിയ മത്സരങ്ങളും അരങ്ങേറും. നിര്‍ണായക പോരിനിറങ്ങുന്ന ചിലിക്ക് അലക്സിസ് സാഞ്ചസിന്റെ അസാന്നിധ്യം തിരിച്ചടിയാണ്. പരുക്കാണ് താരത്തിനു വിനയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."