കാലവര്‍ഷവും കൈവിട്ടു; വൈദ്യുതി ഉല്‍പാദിപ്പിക്കാനാകാതെ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി നിലക്കുന്നു
നിലമ്പൂര്‍: കാലവര്‍ഷത്തിന് പുറമേ തുലാവര്‍ഷം കൂടി കൈവിട്ടതോടെ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി നിലക്കുന്നു. കാഞ്ഞിരപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതിയാണ് ജലലഭ്യതക്കുറവ് മൂലം വൈദ്യുതോല്‍പാദനം നിര്‍ത്താന്‍ നിര്‍ബന്ധിതമാകുന്നത്. ഒരു ആഴ്ചയില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ലഭിക്കില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി 2015 ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലമ്പൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പദ്ധതി തുടക്കം കുറിച്ചത്. ഡിസംബറില്‍ ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്തുകയും 2016 ജൂണില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. നിലവിലെ അവസ്ഥ അനുസരിച്ച് ഒരാഴ്ചകൂടി കഴിഞ്ഞാല്‍ ഉല്‍പാദനം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്.
3.5 മെഗാ വാട്ട് വൈദ്യുതി ഉല്‍പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ടും അര മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് പദ്ധതിയിലുള്ളത്. ഇതില്‍ അര മെഗാവാട്ടിന്റെ ജനറേറ്റര്‍ മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും 0.35 മെഗാവാട്ട് മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വൈദ്യുതി ഉല്‍പാദനം ചെറിയ തോതിലെങ്കിലും നടന്നിരുന്നു. ഹൈഡ്രല്‍ പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ചെറുകിട പദ്ധതികളിലൂടെ പരമാവധി വൈദ്യുതി സമാഹരിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെറുകിട പദ്ധതികള്‍ ആരംഭിച്ചത് എന്നാല്‍ ജലത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് മഴക്കുറവ് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."