പ്രതിയെന്ന് സംശയിക്കുന്ന ജീവനക്കാരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി
തൊടുപുഴ: ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതെന്ന് സംശയിക്കപ്പെടുന്ന കോടതി ജീവനക്കാരനു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ആലപ്പുഴയിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മുട്ടം എസ്.ഐ എസ്. ഷൈനിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍, ഇയാള്‍ കുറേ നാളായി വീട്ടിലേയ്ക്കു വരാറില്ലെന്നാണ് കുടുംബ വീട്ടിലുള്ളവര്‍ അറിയിച്ചത്.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മുട്ടത്തിനു സമീപത്ത് വാടകവീട്ടിലാണ് ജീവനക്കാരന്‍ താമസിച്ചിരുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് പൊലിസ് സൈബര്‍ സെല്‍ നടത്തുന്നത്.
നിലവിലുള്ള സിം ഉപേക്ഷിച്ച ശേഷം മറ്റേതെങ്കിലും സിം ഇയാള്‍ ഉപയോഗിച്ചാലും ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ചു കുടുക്കാനാവും. എ.ടി.എമ്മില്‍ നിന്നും ഇയാള്‍ പണം പിന്‍വലിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. പണം പിന്‍വലിക്കുന്ന പക്ഷം വിവരം ലഭിക്കാനുള്ള സംവിധാനം പൊലിസ് ഒരുക്കിയിട്ടുണ്ട്. അടുത്ത നാളില്‍ ഇയാള്‍ ഹൗസിങ് ലോണ്‍ തരപ്പെടുത്തിയിരുന്നു. ഇതു പിന്‍വലിക്കുന്നതിന് ഏതാനും നാള്‍ മുന്‍പ് ഇയാള്‍ ബാങ്കില്‍ ചെന്നിരുന്നുവെങ്കിലും പണം കൈപ്പറ്റാന്‍ സാവകാശം ലഭിച്ചിരുന്നില്ല.
നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കില്‍ നിന്നും ഇയാള്‍ പണം പിന്‍വലിക്കാനുള്ള സാധ്യത പൊലിസ് മുന്നില്‍ കാണുന്നുണ്ട്. അതിനിടെ ഇയാള്‍ മുവാറ്റുപുഴ ഭാഗത്ത് എത്തിയിരുന്നതായും സ്ഥിരീകരിക്കാത്ത സൂചനകള്‍ പൊലിസിന് ലഭിച്ചു. എതായാലും ഇയാള്‍ തന്നെയാണ് പ്രതിയെന്ന ഉറപ്പിലാണ് പൊലിസ്.
പിടിയിലായാലും വിരലടയാളവുമായി ഒത്തു നോക്കേണ്ടതുണ്ട്. ഇന്നലേയും കോടതിയുമായി ബന്ധപ്പെട്ട ചില ജീവനക്കാരുടെ വിരലടയാളം പൊലിസ് ശേഖരിച്ചു. കൂട്ടുപ്രതികള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."