സാമ്പത്തിക സന്തുലിതാവസ്ഥയുടെ പ്രാധാന്യം പറഞ്ഞ് കുരുന്നുകള്‍
മഞ്ചേരി: കറന്‍സിക്ഷാമം മൂലം ജനം കടുത്ത ദുരിതമനുഭവിക്കുമ്പോള്‍ സാമ്പത്തിക സന്തുലിതാവസ്ഥ ജീവിതത്തില്‍ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം പറയുകയാണ് വിദ്യാര്‍ഥികളുടെ -സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചാക്രിക പ്രവാഹം എന്ന സ്റ്റില്‍ മോഡല്‍.
പെരിന്തല്‍മണ്ണ ഉപജില്ലയിലെ ചെമ്മല യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികളായ ഫാത്തിമ ഷാനിബയും, ആമിന സനയുമാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചാക്രികത ശാസ്ത്രമേളയില്‍ മനോഹരമായി അവതരിപ്പിച്ചത്. ഓരോരുത്തരും സാമ്പത്തിക സന്തുലിതാവസ്ഥ ഗൗരവതരമായിതന്നെ കണക്കിലെടുക്കണമെന്ന സന്ദേശമാണിവര്‍ പുതിയ തലമുറക്കു നല്‍കിയത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഈ ചാക്രികത ലളിതമായി അവതരിപ്പിക്കാന്‍ ഈര്‍ച്ചപൊടി, സ്റ്റെയ്‌നര്‍, അലുമിനിയം ഫാബ്രിക്കേഷന്‍, ചെരിപ്പുകള്‍ മറ്റു പാഴ് വസ്തുക്കള്‍ എന്നിവയാണ് ഈ മിടുക്കികള്‍ ഉപയോഗിച്ചത്. ഇതില്‍ വ്യവസായ യൂനിറ്റ്, ഫ്‌ളാറ്റ്, പവര്‍ഹൗസ്, കാര്‍ഷിക മേഖല, ബാങ്ക് , ഡാം, ഗോഡൗണ്‍ തുടങ്ങി ആധുനിക മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."